ന്യൂയോര്‍ക്ക്: ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,70,000 ആയി. കൊറോണ രോഗികളുടെ എണ്ണം 24 ലക്ഷവും പിന്നിട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും എത്രത്തോളം ശക്തമാക്കിയിട്ടും കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാതെ ലോകരാജ്യങ്ങള്‍ നിസ്സഹായാവസ്ഥയിലായിരിക്കുകയാണ്.
അതേസമയം, രാജ്യത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇറ്റലിയില്‍ രോഗികളുടെ എണ്ണത്തിലും മരണത്തിലും ആദ്യമായി കുറവ് വന്നു. ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന മരണനിരക്കാണ് ഇറ്റലിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 1,08,237 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
454 മരണം പുതുതായി റിപ്പോര്‍ട്ട് ചെയ്തു. മെയ് മൂന്ന് വരെ ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ തുടരുമെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ ചില കടകള്‍ തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. ബുക്ക്ഷോപ്പുകള്‍, സ്റ്റേഷനറി, കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. സാമൂഹിക അകലം നിലനിര്‍ത്തിക്കൊണ്ടാകും ഇതിന്റെ പ്രവര്‍ത്തനം.
ഇറ്റലിയെ കൂടാതെ ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് സ്പെയിനില്‍ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 399 മരണമാണ് സ്പെയിനില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 9877 പേര് നിലവില്‍ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്.
എന്നാല്‍ യുഎസില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. രോഗികളുടെ എണ്ണവും മരണവും വര്‍ധിച്ചുവരികയാണ്. യുഎസില്‍ മരണനിരക്ക് 42,094 ആയി. 24 മണിക്കൂറിനിടെ 1433 പേര് മരിച്ചതായി ജോണ്‍ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട് പറയുന്നു.
യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ പകുതിയും ന്യൂയോര്‍ക്കിലാണ്. 7,84,599 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 72,389 പേര് മാത്രമാണ് ഇതില്‍ രോഗമുക്തരായിട്ടുള്ളത്. ഫ്രാന്‍സില്‍ 547 ഉം യുകെയില്‍ 449 ഉം മരണങ്ങള് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post