ന്യൂയോര്‍ക്ക്: എണ്ണ വില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. തിങ്കളാഴ്ച യുഎസില്‍ എണ്ണവില പൂജ്യത്തിലും താഴേക്ക് വീണു. ഇന്ധനവിലയിലുണ്ടായിരിക്കുന്ന തകര്‍ച്ച എല്ലാ മേഖലയേയും രൂക്ഷമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
എണ്ണ സംഭരണം പരിധി കടന്നതും, ഉത്പാദനത്തില്‍ കുറവ് വരാതിരുന്നതുമാണ് എണ്ണവിലയിലെ ഇടിവിന് കാരണമായത്. യുഎസ് ഓയില്‍ ബെഞ്ച് മാര്‍ക്കായ വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയേറ്റിന്റെ മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് ബാരലിന്-6.75 ഡോളറായി. യുഎസില്‍ എണ്ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
മേയിലേക്കുള്ള ഫ്യൂച്ചര്‍ കരാര്‍ ചൊവ്വാഴ്ച അവസാനിക്കാനിരിക്കേയാണ് എണ്ണവില താഴേക്കുപതിച്ചത്. ഇതോടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ എണ്ണയുത്പാദകര്‍ക്കു മുന്നില്‍ 24 മണിക്കൂര്‍ മാത്രമാണുള്ളത്. കൊറോണയെ പ്രതിരോധിക്കുന്നതിനായി നിരവധി രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എണ്ണ ഉപയോഗത്തില്‍ വലിയ കുറവ് വന്നിരുന്നു.
പ്രതിദിന എണ്ണ ഉത്പാദനം ഒരു കോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും എണ്ണവിലയിലെ ഇടിവ് പിടിച്ചു നിര്‍ത്താന്‍ ഇതിനുമായില്ല. അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളിലും എണ്ണവില തകര്‍ച്ച നേരിട്ടു. ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ ഉപയോഗ രാജ്യങ്ങളായ ചൈനയും ഇന്ത്യയും ഇറക്കുമതി കുറച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
യുഎസിലെ ഒക്ലഹോമയിലും കുഷിങ്ങിലും സംഭരണം പരമാവധിയില്‍ എത്തിയിരിക്കുകയാണ്. അതേസമയം ആഗോളവിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 5.63 ശതമാനം കുറഞ്ഞ് 26.50 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡിന്റെ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
Discussion about this post