മാഡ്രിഡ്: കൊവിഡ് ലോകത്തെ ഭീതിയിലാക്കിയെങ്കിലും മനുഷ്യത്വം വറ്റിയിട്ടില്ലാത്ത ഒരു ലോകം ഇന്നുമുണ്ടെന്ന് മനുഷ്യർക്ക് മനസിലാക്കി കൊടുത്തതും ഈ ദുരന്തകാലമാണ്. അതിരുകളില്ലാത്ത സ്‌നേഹവും കടപ്പാടും കാഴ്ചവെച്ച് ഊരും പേരുമറിയാത്ത മനുഷ്യർക്കായി സ്വന്തം ജീവൻ പോലും പണയം വെച്ച് ഒരുപാട് പേർ ഈ മഹാമാരിയുടെ കാലത്ത് യഥാർത്ഥ മനുഷ്യ മുഖങ്ങളായി. ഇത്തരത്തിൽ കൊവിഡ് ബാധിച്ച രോഗികൾക്കായി സൗജന്യമായി വിവിധയിടങ്ങളിലേക്ക് കുതിച്ചെത്തിയും രോഗികളെ ആശുപത്രിയിലേക്ക് എത്തിച്ചും നിസ്വാർത്ഥ സേവനം ചെയ്ത ഒരു ടാക്‌സി ഡ്രൈവറെ വ്യത്യസ്തമായി ആദരിച്ചിരിക്കുകയാണ് സ്‌പെയിനിലെ ആരോഗ്യപ്രവർത്തകർ.
സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഗൃശ്യങ്ങളാണ് മനുഷ്യത്വത്തിന്റെ പുതുമാതൃകയായിരിക്കുന്നത്. കൊവിഡ് രോഗികൾക്കായി സൗജന്യ സേവനം നടത്തിയ സ്‌പെയിനിലെ ടാക്‌സി ഡ്രൈവറെ ആരോഗ്യ പ്രവർത്തകർ കൈയടിച്ചാണ് സ്വീകരിച്ചത്. സ്‌പെയിനിൽ കൊറോണ റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ സൗജന്യമായി രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും തിരിച്ചുമെത്തിക്കുന്നതിനായി തന്റെ ദിനരാത്രങ്ങൾ മാറ്റിവെച്ച ഡ്രൈവർക്കാണ് ആദരമൊരുക്കിയത്. സ്വന്തം ജീവൻപോലും നോക്കാതെ ഓടിയെത്തിയ ഡ്രൈവരെ അർഹിച്ച രീതിയിലാണ് ആരോഗ്യപ്രവർത്തകർ സ്വീകരിച്ചതും ആദരവർപ്പിച്ചതും.
ആശുപത്രിയിലുള്ള രോഗിയെ മാറ്റാൻ വാഹനമാവശ്യപ്പെട്ടാണ് മാഡ്രിഡിലെ ഡോക്ടർ ഇദ്ദേഹത്തെ ഫോൺ ചെയ്ത് വരുത്തിയത്. ഉടനടി ആശുപത്രിയിലെത്തിയ ഡ്രൈവർ പക്ഷേ കണ്ടത് രോഗിക്ക് പകരം തനിക്കായി ചുറ്റും നിന്ന് കൈയ്യടിക്കുന്ന ആരോഗ്യപ്രവർത്തകരെയാണ്. വികാര നിർഭരമായ ഈ നിമിഷങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണിപ്പോൾ. തന്നെ അഭിനന്ദിക്കുന്ന ആരോഗ്യപ്രവർത്തകരെ നോക്കി ഒന്നും മിണ്ടാനാവാതെ നിൽക്കുന്ന ഡ്രൈവർക്ക് ചെറിയൊരു തുകയും ഇവർ സമ്മാനിച്ചു.
ടാക്‌സി പോയന്റ് എന്ന ട്വിറ്റർ പേജിലാണ് ഡ്രൈവറുടെ പേരോ മറ്റ് വിവരങ്ങളോ നൽകാതെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Discussion about this post