വാഷിങ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം തകര്‍ച്ച നേരിടുന്ന കാര്‍ഷികമേഖലയെ സഹായിക്കാന്‍ 19 ബില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. കൊവിഡ് വൈറസിന്റെ വ്യാപനം മൂലം അപ്രതീക്ഷിത ദുരിതം നേരിടുന്ന കര്‍ഷകര്‍ക്ക് ധനസഹായം നേരിട്ട് ലഭ്യമാവുന്ന തരത്തിലാണ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
വൈറസ് വ്യാപിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോട്ടലുകളും അടച്ചിട്ടതോടെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് നേരിടേണ്ടി വന്നത്. ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഗണ്യമായി കുറഞ്ഞതിന് പുറമെ കാര്‍ഷിക വിളവ് പലതും നശിപ്പിച്ചുകളയേണ്ട അവസ്ഥയിലുമെത്തിയിരുന്നു. കഷ്ടപ്പെട്ട് കൃഷി ചെയ്ത് ഉണ്ടാക്കിയ ഉത്പന്നങ്ങള്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കാത്തതിനു പുറമേ അവ നശിപ്പിച്ചുകളയുന്നത് ഹൃദയഭേദകമാണെന്നാണ് കൃഷിവകുപ്പ് സെക്രട്ടറി സോണി പെര്‍ഡ്യൂ പറഞ്ഞത്.
രാജ്യത്തെ കാര്‍ഷിക ഉല്പന്നങ്ങള്ക്ക് പുറമെ പാല് ഉത്പന്നങ്ങളും ഇത്തരത്തില്‍ നശിക്കുകയാണ്. അതുകൊണ്ട് ഈ ഉത്പന്നങ്ങളും സര്‍ക്കാര്‍ വാങ്ങുകയും ഇവ പിന്നീട് കമ്മ്യൂണിറ്റി ഫുഡ് ബാങ്കുകളിലൂടെ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നാണ് കൃഷിവകുപ്പ് സെക്രട്ടറി വ്യക്തമാക്കിയത്. ഇതിനായി മൂന്ന് ബില്ല്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്നും സോമി പെര്‍ഡ്യു വ്യക്തമാക്കി.
അതേസമയം അമേരിക്കയില്‍ വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം മരിച്ചത് 2,535 പേരാണ്. ഇതുവരെ ഏഴ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 37,000 പിന്നിട്ടു. 30,000ത്തിലേറെ പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post