ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ഏറ്റവുമാദ്യം മരണം സംഭവിച്ച ചൈനയിലെ മരണനിരക്കിനെ സംബന്ധിച്ച് ഉയർന്ന വിവാദത്തിൽ ഒടുവിൽ മറുപടിയുമായി ചൈനീസ് ഭരണകൂടം. ചൈനയിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ ഏറ്റവും പുതുക്കിയ കണക്ക് പുറത്തുവിട്ടു. മുമ്പ് പുറത്തുവിട്ട മരണസംഖ്യ തിരുത്തിയതാണ് പുതിയ കണക്ക്. ഇതുപ്രകാരം 50ശതമാനത്തോളം മരണസംഖ്യയിലെ വർധനയാണ് ഉണ്ടായിരിക്കുന്നത്. വുഹാനിൽ മരിച്ചവരുടെ എണ്ണം 2579ൽ നിന്ന് 3869 ആയാണ് വർധിച്ചിരിക്കുന്നത്.
ലോകരാജ്യങ്ങളിൽ പലതിലും പതിനായിരത്തിലധികം മരണങ്ങൾ രേഖപ്പെടുത്തിയ സാഹചര്യത്തിൽ ചൈനയിലെ മരണസംഖ്യയിൽ ലോകം മുഴുവൻ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടത്. ട്രംപ് അടക്കം പല ലോകനേതാക്കളും ചൈനയിലെ കണക്കുകളിൽ സംശയം രേഖപ്പെടുത്തിയിരുന്നു. നേരത്തെ 3346 ആയിരുന്നു ചൈനയിലൊട്ടാകെ റരിപ്പോർട്ട് ചെയ്ത മരണനിരക്ക്. അത് ഇപ്പോൾ വർധിച്ച് 4636 ആയി. 4636 മരണങ്ങളിൽ 4512 എണ്ണവും ഹ്യൂബെ പ്രവിശ്യയിലാണ്.
കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളിൽ 325 എണ്ണത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കൊറോണ സ്ഥിരീകരിച്ചവർ 83,428 ആയാണ് വർധിച്ചത്. 77,000 ത്തിലധികം പേർ രോഗമുക്തി നേടിയിട്ടുണ്ട് ചൈനയിൽ. നിലവിൽ 116 കോവിഡ് രോഗികളാണ് ചൈനയിലുള്ളത്. 89 പേരുടെ നില ഗുരുതരമാണ്.