ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം രോഗലക്ഷണങ്ങൾ കാണിക്കാത്തവരിൽ നിന്നും സംഭവിക്കാമെന്ന ചൈനയിൽ നിന്നുള്ള പഠനം ലോകത്തെ തന്നെ ആശങ്കപ്പെടുത്തുന്നു. രോഗവ്യാപനത്തെ കുറിച്ച് നിലവിൽ വിശ്വസിച്ചുപോരുന്ന ധാരണകളെ തിരുത്തുന്ന പഠനഫലമാണ് ചൈന പുറത്തുവിട്ടിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വൈറസ് ബാധിതരിൽനിന്നാണ് ചൈനയിലുണ്ടായ രോഗബാധയിൽ 44 ശതമാനവും സംഭവിച്ചിരിക്കുന്നതെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
കൊറോണ വൈറസ് ബാധിച്ച ഒരാളിൽ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതിന് മൂന്ന്-നാല് ദിവസങ്ങൾ മുമ്പുമുതൽ അയാളിൽനിന്ന് വൈറസ് മറ്റുള്ളവരിലേയ്ക്ക് പകർന്നു തുടങ്ങുമെന്നും പഠനം പറയുന്നു. ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുന്ന ഘട്ടത്തിലോ അതിന് തൊട്ടു മുൻപോ ആകാം ഒരാളിൽ വൈറസിന്റെ തോത് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നതെന്ന് ‘നേച്ചർ മെഡിസിനി’ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഗ്വാൻങ്ഷു ഇംഗ്ലീഷ് പീപ്പിൾസ് ഹോസ്പിറ്റലിലെ 94 കോവിഡ് രോഗികളിലായിരുന്നു പഠനം. ഗ്വാൻങ്സു മെഡിക്കൽ യൂണിവേഴ്സിറ്റി, ഹോങ് കോങ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിന് വിധേയമായ രോഗികളിൽ 44 ശതമാനത്തിനും രോഗം ബാധിച്ചത് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങാത്ത രോഗബാധിതനായ വ്യക്തിയിൽനിന്നായിരുന്നു. 30 ശതമാനത്തിലധികം രോഗബാധയും സംഭവിക്കുന്നത് രോഗലക്ഷണങ്ങൾ കാണിക്കാത്തവരിൽ നിന്നാണെങ്കിൽ ഇടപഴകിയവരെ കണ്ടെത്തുന്നതും ഐസൊലേഷനിൽ പാർപ്പിക്കലും കൊണ്ടു മാത്രം രോഗബാധ നിയന്ത്രിക്കാനാവില്ലെന്നാണ് പുതിയ പഠനത്തിലെ നിഗമനം.
അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങും മുമ്പ് വൈറസ് പകരാനിടയുണ്ടെന്ന കാര്യം മുന്നിൽകണ്ടുകൊണ്ടു വേണം രോഗനിയന്ത്രണ നടപടികൾ കൈക്കൊള്ളാനെന്നും പഠനം നിർദേശിക്കുന്നു.
നിലവിൽ ഇന്ത്യയിൽ നടക്കുന്ന കോവിഡ് പരിശോധനകളെല്ലാം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിലാണ്. എന്നാൽ, ഇന്ത്യയിൽ കോവിഡ് ലക്ഷണം പ്രകടിപ്പിക്കാത്തവരും ശ്വാസകോശ രോഗം ഉള്ളവരുമായവരിൽ ഐസിഎംആർ നടത്തി റാൻഡം പരിശോധനയിൽ 1.8 ശതമാനം പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു.
Discussion about this post