ന്യൂയോർക്ക്: ലോകത്ത് ഭീതി വിതയ്ക്കുന്ന കൊറോണയുടെ ഉത്ഭവം ചൈനയിലെ മാർക്കറ്റുകളാണോ അതോ ചൈനീസ് ലാബുകളാണോ എന്ന് അറിയാൻ അമേരിക്ക പഠനം നടത്തുന്നതായി റിപ്പോർട്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗവും ദേശീയ സുരക്ഷാ ഏജൻസിയുമാണ് അന്വേഷണം നടത്തുകയെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
ലോകത്ത് ഒരു ലക്ഷത്തിലേറെ ജീവനുകൾ കവർന്ന രോഗത്തിന്റെ തുടക്കം സംബന്ധിച്ച് സാധ്യതകൾ പരിശോധിക്കുകയാണെന്നും എന്നാൽ പ്രാരംഭഘട്ടത്തിൽ തന്നെ എന്തെങ്കിലും നിഗമനങ്ങളിൽ എത്താൻ കഴിയില്ലെന്നുമാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. വുഹാനിലെ ഒരു ലാബിലാണ് കൊറോണ വൈറസിന്റെ സൃഷ്ടി നടന്നതെന്നും അബദ്ധത്തിൽ പുറത്തുപോയതാണെന്നുമുള്ള റിപ്പോർട്ടുകളാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നതിൽ പ്രധാനം.
ഇതിനുപുറമെ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിരവധി സിദ്ധാന്തങ്ങൾ ഉയർന്നിരുന്നു. ഇവയുടെയെല്ലാം നിജസ്ഥിതിയാണ് ഏജൻസികൾ അന്വേഷിക്കുക. അതേസമയം, കൊറോണ വൈറസ് ജൈവായുധ ഗവേഷണത്തിന്റെ സൃഷ്ടിയാണെന്ന് യുഎസ് സർക്കാർ പൂർണമായും വിശ്വസിക്കുന്നില്ല. എന്നാൽ ഉയർന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തേടി സകല സിദ്ധാന്തങ്ങളുടെയും സാധ്യതകൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിൽ നിന്നാണ് ആദ്യത്തേതും ഏറ്റവും കൂടുതലും വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലാബിലെ ഏതെങ്കിലും ഗവേഷകനിൽ വൈറസ് ബാധയുണ്ടായിട്ടുണ്ടോ, അയാളിൽ നിന്നാണോ മറ്റുള്ളവരിലേക്ക് രോഗം പടർന്നത് എന്നതും യുഎസ് ഏജൻസികൾ അന്വേഷിക്കും. ലാബ് സിദ്ധാന്തത്തെ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ മാർക്ക് മില്ലെ സമ്മതിച്ചു. എന്നാൽ ലാബ് സിദ്ധാന്തത്തെ ചൈന ശക്തമായി നിഷേധിക്കുന്നുണ്ട്.
Discussion about this post