ലണ്ടൻ: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിനോ കൃത്യമായ ചികിത്സയോ ഇതുവരെ ഉരുത്തിരിയാത്ത സാഹചര്യത്തിൽ രോഗപ്രതിരോധത്തിന് 2022 വരെ സാമൂഹിക അകലം പാലിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. കൊവിഡ് ഇടയ്ക്കിടെ തിരിച്ചുവരാൻ സാധ്യതയുള്ള രോഗമായതിനാലാണ് ശാസ്ത്രജ്ഞർ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജേണൽ സയൻസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത്തരമൊരു നിഗമനമുള്ളത്.
ഒറ്റത്തവണത്തെ ലോക്ക്ഡൗൺ കൊണ്ട് രോഗത്തെ പൂർണ്ണമായും ഒഴിവാക്കാനാകില്ലെന്നും രണ്ടാം വരവ് ആദ്യത്തേതിനേക്കാൾ ഏറെ ഭീതി പടർത്തുന്നതാകുമെന്നും ലേഖനം മുന്നറിയിപ്പു നൽകുന്നു. കൊറോണക്കെതിരായ വാക്‌സിന്റെയും കൃത്യമായ ചികിത്സയുടെയും അഭാവമുണ്ടായാൽ 2025ൽ രോഗം തിരിച്ചുവരാമെന്ന പ്രവചനവുമുണ്ട്.
കൊറോണ രോഗബാധിതരായ മനുഷ്യരുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരാൻ സാധ്യത. ഇതിനെതിരെ വാക്‌സിൻ വഴി മനുഷ്യരെയൊന്നാകെ രോഗത്തെ പ്രതിരോധിക്കാൻ പര്യാപ്തമാക്കിയില്ലെങ്കിൽ ഒരു വലിയ വിഭാഗം ജനത എപ്പോൾ വേണമെങ്കിലും രോഗബാധിതാരാവാവുന്ന അവസ്ഥയിലാണെന്നാണ് ഹാർവാഡിലെ പകർച്ചവ്യാധി വിഭാഗം തലവൻ മാർക്ക് ലിപ്‌സിച്ച് മുന്നറിയിപ്പ് നൽകുന്നത്.
2020 ലെ വേനൽ അവസാനിക്കുന്നതോടെ രോഗം ശമിക്കുമെന്ന പ്രവചനങ്ങൾ അത്രവിശ്വസനീയമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. വാക്‌സിൻ കണ്ടെത്തുന്നത് വരെയുള്ള കാലത്തേക്ക് സാമൂഹിക അകലം പാലിക്കുന്നത് തുടരുക എന്നാതുമാത്രമാണ് രോഗപ്രതിരോധത്തിന് നിലവിൽ മുന്നിലുള്ള വഴിയെന്നും ഗവേഷകർ പറയുന്നു.
അതേസമയം, ഒരുതവണ രോഗം ബാധിച്ചവർക്ക് അടുത്ത തവണ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്നാണ് എറാസ്മസ് യൂണിവേഴ്‌സിറ്റി വൈറോളജി പ്രൊഫസർ മാരിയൻ കൂപ്മാൻസ് പറയുന്നത്.