വാഷിങ്ടണ്‍: ലോകത്തെ ഒന്നടങ്കം ആശങ്കയുടെ മുള്‍മുനയിലാക്കി കൊറോണ മരണസംഖ്യ കുതിച്ചുയരുന്നു. ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. 1,26,537 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതിനോടകം 1,973,715 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 ലക്ഷത്തോളം രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 51,595 പേരുടെ ആരോഗ്യനില ഗുരുതരമാണ്.ചൊവ്വാഴ്ച മാത്രം 6,919 പേരുടെ ജീവനാണ് കൊറോണ കവര്‍ന്നെടുത്തത്. കൊറോണ വ്യാപനത്തിന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്.
അമേരിക്കയില്‍ രോഗികളുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. രോഗം സ്ഥിരീകരിച്ച 6,05,193 ആളുകളില്‍ 25,989 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ മാത്രം യുഎസില്‍ 2,349 പേര്‍ മരണപ്പെട്ടു. ഇറ്റലിയില്‍ മരണം 21,067 ആയി ഉയര്‍ന്നു. സ്‌പെയ്‌നില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ എണ്ണം 500ല്‍ താഴെയായി കുറഞ്ഞു. ആകെ മരണം 18,000 പിന്നിട്ടു.
ഫ്രാന്‍സില്‍ ഇന്നലെ മാത്രം ആറായിരത്തോളം കേസുകള്‍ പോസിറ്റീവായി. 1,43,303 രോഗികളില്‍ 15,729 പേര്‍ ഇതുവരെ മരിച്ചു. ബ്രിട്ടണില്‍ മരണം 12,000 പിന്നിട്ടു. അതേസമയം ജര്‍മനിയില്‍ മരണനിരക്കില്‍ നേരിയ കുറവുണ്ട്. 310 പേര്‍ മാത്രമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണം 3,495 ആയി. 1,32000ത്തോളം പേര്‍ക്ക് രോഗം സ്ഥീകരിച്ചു.
ഇറാനില്‍ മരണം 4,683 ആയി. ബെല്‍ജിയത്തില്‍ 4,157 പേരും നെതര്‍ലാന്‍ഡില്‍ 2,945 പേരും മരിച്ചു. തുര്‍ക്കിയില്‍ നാലായിരത്തിലേറേ പേര്‍ക്ക് ചൊവ്വാഴ്ച വൈറസ് സ്ഥിരീകരിച്ചു. 1,403 പേര്‍ ഇതുവരെ മരിച്ചു. ഇന്ത്യയില്‍ ഇതുവരെ 393 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ചൈനയില്‍ 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 82,295 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ചൈനയില്‍ 1,137 രോഗികള്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ലോകത്താകെ കൊറോണ മുക്തരായവരുടെ എണ്ണം 4,78,503 ആയി വര്‍ധിച്ചു.
Discussion about this post