ജക്കാര്‍ത്ത: കൊറോണ വൈറസ് വ്യാപനം തടയാന്‍ പല രാജ്യങ്ങളും പല പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി വരികയാണ്. ക്വാറന്റൈന്‍ കാലത്ത് നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പേടിപ്പിച്ച് തിരികെ വീട്ടിലെത്തിക്കാന്‍ പ്രേതരൂപങ്ങളെ ഇറക്കി ഇന്തോനേഷ്യയിലെ ഗ്രാമം.
ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെ കെപു ഗ്രാമത്തിലാണ് ജനങ്ങളുടെ ക്വാറന്റൈന്‍ ജീവിതം ഉറപ്പു വരുത്താന്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് ഇത്തരത്തില്‍ പ്രേതരൂപങ്ങളെ ഇറക്കിയത്. ക്വാറന്റൈന്‍ കാലത്ത് സാമൂഹിക അകലം പാലിക്കാതെ പുറത്തിറങ്ങുന്നയാളുകളെ പേടിപ്പിച്ച് തിരികെ വീട്ടലെത്തിക്കാനാണ് ഇത്തരത്തിലൊരു മാര്‍ഗം അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
പോക്കോങ് എന്നാണ് ഇന്തോനേഷ്യന്‍ ഐതിഹ്യ പ്രകാരം മരിച്ചവരുടെ ആത്മാക്കളെ പ്രതിനിധീകരിക്കുന്ന പ്രേതരൂപങ്ങളെ പറയുന്നത്. പോക്കോങുകളായി എത്തിയാണ് സന്നദ്ധപ്രവര്‍ത്തകര്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നത്.
ഇത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രേതരൂപത്തില്‍ പോക്കോങ്ങുകളായി തെരുവില്‍ ഇരിക്കുന്ന ചിത്രം റോയിട്ടേഴ്‌സാണ് പുറത്തു വിട്ടത്. ജനങ്ങളെ പേടിപ്പിക്കാനായി പ്രേതങ്ങളെ നിയോഗിച്ചെങ്കിലും വിപരീത ഫലമാണ് ഇപ്പോള്‍ ഉണ്ടാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രേത വൊളണ്ടിയരുടെ ഫോട്ടോ എടുക്കാന്‍ ചെന്ന ഫോട്ടോഗ്രാഫര്‍ കണ്ടത് പ്രേതങ്ങളെ കാണാന്‍ വേണ്ടി മാത്രമായി പുറത്തിറങ്ങിയ ആളുകളെയാണ്. എന്നാല്‍ പോക്കോങ്ങുകള്‍ വന്നതോടെ രക്ഷിതാക്കളും കുട്ടികളും പുറത്തിറങ്ങാതായെന്ന് നാട്ടുകാരനായ കര്‍നോ സുപാദ്‌മോ പറഞ്ഞു.
കൂടാതെ പോക്കോങ് എത്തിയതോടെ കവലയില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും ഒഴിവായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ജനങ്ങള്‍ കൊറോണയെ കുറിച്ച് തീരെ ബോധവാന്മാരല്ല. അവര്‍ക്ക് തീരെ ജാഗ്രതയില്ല. അതിനാല്‍ വീട്ടിലിരിക്കണമെന്ന നിര്‍ദേശത്തെ തീരെ ഗൗരവമായെടുക്കുന്നില്ല അവര്‍’, കെപു ഗ്രാമത്തലവന്‍ പറയുന്നു.