‘അവളെ മിസ് ചെയ്യുകയാണ്’, 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞ സുഹൃത്തിനെ കണ്ടെത്താന്‍ സഹായിച്ച് ട്വിറ്റര്‍

സ്വന്തബന്ധുക്കള്‍ തള്ളിപ്പറയുമ്പോഴും വേദനകള്‍ നൂലാമാലയായി കെട്ടുപിണഞ്ഞു കിടക്കുമ്പോഴും കൂടെനില്‍ക്കാന്‍ കൂട്ടുകാര്‍ ഉണ്ടാകും. അതെ, സൗഹൃദങ്ങള്‍ എപ്പോഴും താങ്ങും തണലുമാണ്.

സ്നേഹശൂന്യമായ ഈ ലോകത്തില്‍ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നാണ് പറയാറ്. ജീവിതത്തില്‍ എന്ത് ഏറ്റക്കുറച്ചിലുകളുണ്ടായാലും കൂടെ നില്‍ക്കാന്‍ എന്നും നല്ല സൗഹൃദങ്ങളുണ്ടാകും. സ്വന്തബന്ധുക്കള്‍ തള്ളിപ്പറയുമ്പോഴും വേദനകള്‍ നൂലാമാലയായി കെട്ടുപിണഞ്ഞു കിടക്കുമ്പോഴും കൂടെനില്‍ക്കാന്‍ കൂട്ടുകാര്‍ ഉണ്ടാകും. അതെ, സൗഹൃദങ്ങള്‍ എപ്പോഴും താങ്ങും തണലുമാണ്. അത് കൊണ്ട് തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമാണ്.

ഇവിടെ ഒരു സുഹൃത്ത് ബന്ധത്തിന്റെ കഥയാണ് പറയുന്നത്.

‘അവളെ മിസ് ചെയ്യുകയാണ്. ഹവായിലെ ഒരു കപ്പലില്‍ ഒരുക്കിയ അത്താഴവിരുന്നിലാണ് ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കളാകുന്നത്’…. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞ സുഹൃത്തിനെ കണ്ടെത്തുന്നതിനായി സഹായമഭ്യര്‍ത്ഥിച്ച് യുവതി ചെയ്ത ട്വീറ്റാണിത്. ട്വീറ്റ് ചെയ്ത് അഞ്ച് മണിക്കൂറിനുള്ളില്‍ സന്ദേശവുമായി ഉറ്റ സുഹൃത്ത് യുവതിയുടെ മുന്നിലെത്തി.

പുതിയ സൗഹൃദങ്ങളുണ്ടാക്കാനും പഴയ ആളുകളെ തിരഞ്ഞ് കണ്ടുപിടിക്കാനും സാമൂഹ്യ മാധ്യമങ്ങളെക്കാളും മികച്ച മറ്റൊരു സ്ഥലമില്ല. കൂടെ പഠിച്ചവരോ ഒപ്പം കളിച്ച് വളര്‍ന്നവരോ പലകാരണങ്ങള്‍ക്കൊണ്ട് പിരിഞ്ഞവരോ വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും കണ്ടുമുട്ടുന്ന ഇടമാണ് ഫേസ്ബുക്കും ട്വിറ്ററുമെല്ലാം.

അതിവേഗത്തില്‍ സുഹൃത്തുക്കളെ കണ്ടെത്താന്‍ ആളുകള്‍ ഇപ്പോള്‍ ആശ്രയിക്കുന്നതും ഫേസ്ബുക്കും ട്വിറ്ററും പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ തന്നെയാണ്. ബ്രിയന്നയ്ക്ക് തന്റെ സുഹൃത്തിലേക്ക് വീണ്ടുമെത്താനുള്ള പാത ഒരുക്കിയതും ട്വിറ്റര്‍ തന്നെ.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹവായിലെ ഒരു കപ്പലില്‍ ഒരുക്കിയ അത്താഴവിരുന്നിലാണ് ബ്രിയന്ന തന്റെ കൂട്ടുകാരി ഹെയ്ദി ഹിയി ട്രാനെ ആദ്യമായി കണ്ടുമുട്ടുന്നത്. ഒറ്റ രാത്രി കൊണ്ട് തന്നെ ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറി. ആ അത്താഴവിരുന്നോടെ ഇരുവരും തമ്മില്‍ പിരിഞ്ഞെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അവര്‍ ഒന്നിച്ചു. അത് എങ്ങനെയാണന്നല്ലേ.

തന്റെ ബാല്യകാല സുഹൃത്തിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് യുഎസിലെ മിസിസിപ്പിയില്‍ നിന്ന് ബ്രിയന്ന ക്രൈ എന്ന പത്തൊന്‍പതുകാരി ട്വീറ്റ് ചെയ്തത്. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന പഴയ ചിത്രം സഹിതമാണ് ബ്രിയന്ന ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ഹായ് ട്വിറ്റര്‍, 2006ല്‍ ഹവായില്‍ വച്ച് ഒരു കപ്പലില്‍ ഒരുക്കിയ അത്താഴവിരുന്നിലാണ് ഞാന്‍ ഈ പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത്. അന്ന് ഒറൊറ്റ രാത്രികൊണ്ട് തന്നെ ഞങ്ങള്‍ അടുത്ത കൂട്ടുകാരായി. എന്റെ സുഹൃത്തിനെ കണ്ടെത്താന്‍ നിങ്ങള്‍ എല്ലാവരുടേയും സഹായം എനിക്കാവശ്യമാണ്. കാരണം എനിക്കിപ്പോള്‍ അവളെ മിസ്സ് ചെയുന്നുണ്ട്. അവള്‍ ഇപ്പോള്‍ എങ്ങനെയാണെന്ന് എനിക്ക് കാണണം. ദയവായി ഇത് റീട്വീറ്റ് ചെയ്യണം’. വളരെ മനോഹരമായി ചിത്രത്തോടെ ബ്രിയന്ന ട്വീറ്റ് അവസാനിപ്പിച്ചു.
എന്നാല്‍, ഇത്രയും പെട്ടെന്ന് തന്റെ ട്വീറ്റിന് മറുപടി ലഭിക്കുമെന്ന് ബ്രിയന്ന പ്രതീക്ഷിച്ചു കാണില്ല. ട്വീറ്റ് ചെയ്ത് അഞ്ച് മണിക്കൂറ് കഴിഞ്ഞ് ബ്രിയന്നയ്ക്ക് തന്റെ ബാല്യകാല സുഹൃത്ത് ഹിയി സന്ദേശമയച്ചിരിക്കുകയാണ്. എന്നെ അന്വേഷിച്ച് നടക്കുകയാണെന്ന് അറിഞ്ഞു എന്നായിരുന്നു ഹിയി എന്ന പതിനെട്ടുകാരി ബ്രിയന്നയുടെ ട്വീറ്റിന് റിട്വീറ്റ് ചെയ്തത്.

എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ ഇരുവരും തമ്മില്‍ കാണുമോ എന്നറിയില്ല. രാജ്യത്തെ രണ്ട് അറ്റങ്ങളിലായി കഴിയുന്ന ഇരുവരും തമ്മില്‍ കണ്ടുമുട്ടട്ടെയെന്നാണ് ട്വീറ്റിന് പ്രതികരണമായി ആളുകള്‍ പ്രതികരിക്കുന്നത്.

Exit mobile version