കൊറോണ; ലോകത്താമാനം ഒരു ലക്ഷം കടന്ന് മരണസംഖ്യ; ഏറ്റവും കൂടുതല്‍ മരണം അമേരിക്കയില്‍, സ്ഥിതി അതീവ ഗുരുതരം

വാഷിങ്ടണ്‍: നിയന്ത്രിക്കാനാവാതെ പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണയില്‍ വിറങ്ങലിച്ച് ലോകം. ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ചുള്ള മരണം ഒരു ലക്ഷത്തി എണ്ണായിരം കടന്നു. മരണസംഖ്യ ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുന്നത് നോക്കിനില്‍ക്കുകയല്ലാതെ കൊറോണയെ പിടിച്ചുകെട്ടാന്‍ എത്രതന്നെ പരിശ്രമിച്ചിട്ടും ലോകരാജ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

17 ലക്ഷത്തിലധികം പേര്‍ക്കാണ് നിലവില്‍ രോഗബാധസ്ഥിരീകരിച്ചിത്. ലോകത്ത് കൊറോണ മരണത്തില്‍ ഇറ്റലിയെ മറികടന്നിരിക്കുകയാണ് അമേരിക്ക. രാജ്യത്തെ സ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ഇതുവരെ ഇരുപതിനായിരത്തിലേറെ പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

കൊറോണ ബാധിതര്‍ അഞ്ചര ലക്ഷത്തോട് അടുക്കുന്നു. രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നിലെത്തിയതോടെ അമേരിക്ക ആശങ്കയുടെ മുള്‍മുനയിലാണ്. ലോകത്ത് രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുളള ഒരേയൊരു രാജ്യമായിരിക്കുകയാണ് അമേരിക്ക.

സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലും മരണസംഖ്യയും രോഗബാധിതതുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. സ്‌പെയിനില്‍ രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരം കവിഞ്ഞു. സ്‌പെയിനില്‍ മാത്രം മരണസംഖ്യ 16000 പിന്നിട്ടു.

അതേസമയം, ഇറ്റലിയിലും സ്ഥിതി സങ്കീര്‍ണമാണ്. മരണ സംഖ്യ 19,000 ഉയര്‍ന്നത് ആശങ്കകള്‍ക്ക് ആഴം കൂട്ടുന്നു. ഫ്രാന്‍സിലും ജര്‍മനിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇരു രാജ്യങ്ങളിലും മരണനിരക്ക് ഉയരുകയാണ്. എന്നാല്‍ ചൈനയില്‍ കൊറോണ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കുറഞ്ഞുവരികയാണ്. എങ്കിലും രാജ്യം കനത്ത ജാഗ്രത തുടരുകയാണ്.

Exit mobile version