ന്യൂയോർക്ക്: ലോകത്തിന് ആശ്വാസം നൽകി ശുഭവാർത്ത പങ്കുവെച്ചിരിക്കുകയാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ. കോവിഡ്19ന് എതിരായ വാക്സിൻ സെപ്റ്റംബറോടെ സജ്ജമാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. അടുത്ത രണ്ടാഴ്ചക്കുള്ളിൽ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങുമെന്നും തങ്ങളുടെ വാക്സിൻ ഫലപ്രദമാകുമെന്ന് 80 ശതമാനത്തോളം ആത്മവിശ്വാസമുണ്ടെന്നും വാക്സിൻ ഗവേഷണ സംഘത്തിലെ പ്രൊഫ.സാറാ ഗിൽബർട്ട് പറഞ്ഞു.
വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങളിലായിരുന്നു ഈ ദിവസങ്ങളിലെല്ലാം തങ്ങളെന്ന് ഗവേഷകർ പറയുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ വാക്സിൻ ഫലപ്രദമാകാൻ സാധ്യത കൂടുതലാണെന്നാണ് ഇവരുടെ അഭിപ്രായം. എല്ലാം ശുഭമായി നടന്നാൽ സെപ്റ്റംബറിൽ തന്നെ വാക്സിൻ സജ്ജമാകും സാറാ ഗിൽബർട്ട് വ്യക്തമാക്കി.
യുകെയിൽ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാനുള്ള അവസരം വളരെ കുറവാണ്. അതിനാൽ രോഗപ്പകർച്ച കൂടുതലുള്ള മറ്റേതെങ്കിലും സ്ഥലത്ത് പരീക്ഷണം നടത്താനാണ് ഗവേഷകരുടെ തീരുമാനം. 21 കോടി യൂറോയാണ് വാക്സിൻ വികസനത്തിനായി യുകെ ചെലവഴിക്കുന്നത്. വിവിധ ലോകരാജ്യങ്ങൾ വാക്സിൻ വികസനത്തിന് സഹകരിക്കുന്നുണ്ട്.
അതേസമയം വാക്സിൻ സജ്ജമാകാൻ ഒരുവർഷത്തോളം വേണ്ടിവരുമെന്നാണ് വാക്സിൻ വികസിപ്പിക്കാൻ ശ്രമം നടത്തുന്ന മറ്റ് ഗവേഷക സംഘങ്ങളുടെ അഭിപ്രായം.
Discussion about this post