കൊറോണ വൈറസിന്റെ ബലഹീനത ഏഴടി മാത്രം, സാമൂഹിക അകലമാണ് പ്രതിരോധത്തിനുള്ള മാര്‍ഗം; ഇത് ഫലവത്തെന്ന് അമേരിക്ക

വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ ബലഹീനത ഏഴടി മാത്രമെന്ന് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സാമൂഹിക അകലമാണ് പ്രതിരോധത്തിനുള്ള മാര്‍ഗമെന്നും ഇത് ഫലവത്തായി കാണുന്നുണ്ടെന്നും വ്യക്തമാക്കുകയാണ് അമേരിക്ക. സാമൂഹിക അകലം പാലിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ കൊറോണ ഹോട്ടസ്പോട്ടുകളായ ന്യൂയോര്‍ക്കിലും കണക്റ്റിക്കട്ടിലും പുതുതായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തില്‍ കുറവ് കണ്ടതായാണ് വിവരം.

സാമൂഹിക അകലം പാലിക്കാന്‍ തുടങ്ങിയതിന്റെ ശുഭസൂനകളാണിതെന്നാണ് അധികൃതരുടെ പക്ഷം. അതേസമയം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമ്പോഴും മരണ നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെയാണെന്ന് പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ അന്തോണി ഫൗസി പ്രതികരിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പ്രവചിച്ച ഒരുലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലുള്ളവര്‍ മരിക്കും എന്ന പ്രവചനത്തില്‍ നിന്ന് 60,000ത്തിലേക്ക് മരണസംഖ്യ ചുരുങ്ങാനുള്ള സാധ്യതയുണ്ടെന്നും പുതിയ കണക്കുകളെ ഉദ്ധരിച്ച് ഫൗസി പറഞ്ഞു.

‘ഓഗസ്റ്റ് 4നുള്ളില്‍ 60,415 പേര്‍ അമേരിക്കയില്‍ മരിക്കുമെന്നാണ് പുതിയ പഠനം. നേരത്തെ പ്രവചിച്ച ഒരുലക്ഷത്തിനേക്കാള്‍ താഴെയാണിത്. പക്ഷെ കണക്റ്റികട്ട്, മസാച്യുസെറ്റ്സ്, ന്യൂജേഴ്സി, റോഡ് ഐലന്‍ഡ്, നോര്‍ത്ത് ദക്കോട്ട എന്നിവിടങ്ങളില്‍ മരണ സംഖ്യ ഉയരുമെന്നാണ് പുതിയ വിവരത്തില്‍ പറയുന്നത്.

നമ്മള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം ഫലമുണ്ടാക്കുന്നു. അതിനിയും നമ്മള്‍ തുടരേണ്ടതുണ്ട്’. ഫൗസി കൂട്ടിച്ചേര്‍ത്തു. ‘ഈ വൈറസിന് ഒരു വലിയ ബലഹീനതയുണ്ട്. ഏഴടിക്കപ്പുറം അതിന് സഞ്ചരിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ നമ്മള്‍ നിസ്സഹായരല്ല’, എന്നാണ് സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി യുഎസ് പകര്‍ച്ചവ്യാധി നിവാരണ കേന്ദ്രം ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറയുന്നത്.

Exit mobile version