ഏറെ ആരാധകരുള്ള ഫുട്ബോള്‍ താരമാണ് ലയണല്‍ മെസി. തന്റെ പേരില്‍ പ്രചരിച്ചിരുന്ന രണ്ട് വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മെസി ഇപ്പോള്‍. റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്നിറക്കാന്‍ സഹായിച്ചുവെന്ന റിപ്പോര്‍ട്ടും
ബാഴ്സലോണ വിട്ട് ഇറ്റാലിയന്‍ സീരി എയിലേക്ക് പോകുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് വ്യാജമാണെന്ന് താരം വ്യക്തമാക്കിയത്.
മുന്‍ ബ്രസീലിയന്‍ ഫുട്ബോള്‍താരവും ബാഴ്സലോണയിലെ മെസിയുടെ സഹതാരവുമായിരുന്ന റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്നിറക്കാന്‍ സാമ്പത്തികമായി സഹായിച്ചുവെന്ന വാര്‍ത്ത തികച്ചും കെട്ടിച്ചമച്ചതാണെന്ന് താരം പറഞ്ഞു. ടിഎന്‍ടി സ്പോര്‍ട്സാണ് ലയണല്‍ മെസി റൊണാള്‍ഡീന്യോക്ക് ജാമ്യം ലഭിക്കാന്‍ സാമ്പത്തിക സഹായം ചെയ്തെന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.
പരാഗ്വെയില്‍ വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജയിലിലായിരുന്നു റൊണാള്‍ഡീന്യോയും സഹോദരന് റോബര്‍ട്ടോ അസീസും. 32 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇരുവരേയും 1.6 ദശലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു. ഈ തുക മെസിയാണ് നല്‍കിയതെന്നായിരുന്നു ടിഎന്‍ടി സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ വസ്തുതയില്ലെന്നാണ് മെസി പറയുന്നത്. ബാഴ്സലോണ വിട്ട് മെസി ഇറ്റാലിയന്‍ സീരി എയിലേക്ക് പോകുന്നുവെന്നുള്ള വാര്‍ത്തയായിരുന്നു അടുത്തതായി പ്രചരിച്ചത്. ടിഎന്‍ടി സ്പോര്‍ട്സ് തന്നെയായിരുന്നു ഈ വാര്‍ത്തയും പുറത്തുവിട്ടത്.
ഇറ്റാലിയന്‍ ക്ലബായ ഇന്ററിലേക്ക് മെസി പോകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. മെസിയുമായുള്ള കരാര്‍ അസംഭവ്യമല്ലെന്ന മുന്‍ ഇന്റര്‍ പ്രസിഡന്റ് മാസിമോ മൊറാട്ടിയുടെ വാക്കുകളും ഈ പ്രചാരണത്തിന് കരുത്തേകി. എന്നാല്‍ ഈ വാര്‍ത്തയും മെസി തള്ളി. ഇന്‍സ്റ്റഗ്രാമില്‍ 14 കോടിയിലേറെ ഫോളോവേഴ്സുള്ള ലയണല്‍ മെസി ഈ രണ്ട് റിപ്പോര്‍ട്ടുകളേയും ഒറ്റ ഇന്‍സ്റ്റഗ്രാം സ്റ്റോറികൊണ്ട് വെട്ടിക്കളഞ്ഞിരിക്കുകയാണ്.
Discussion about this post