ന്യൂയോർക്ക്: ലോകത്തെ തന്നെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുന്ന കൊവിഡ്19 മഹാമാരിയെ ജൈവായുധമാക്കാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൊവിഡ് രോഗത്തെ ആയുധമായി ഭീകരർ ഉപയോഗിച്ചേക്കാമെന്നാണ് യുഎൻ നൽകുന്ന മുന്നറിയിപ്പ്. ലോകമെമ്പാടും ജൈവ ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്19 കാലത്ത് ഭീകരർക്ക് മുമ്പിൽ തുറന്നുകിട്ടിയിരിക്കുന്നതെന്ന് ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
വൈറസ് ബാധിച്ചയാളിൽ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരർ ലോകമെമ്പാടും വലിയ രോഗപ്പകർച്ചയ്ക്ക് ഇടവരുത്തുമെന്നാണ് അദ്ദേഹം പറയുന്നത്. കോവിഡ് 19 വിഷയം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി അംഗങ്ങൾ വീഡിയോ കോൺഫറൻസ് മുഖേന കൂടിക്കാഴ്ച നടത്തുമ്പോഴാണ് അന്റോണിയോ ഗുട്ടെറസ് ഇത്തരമൊരു പരാമർശം നടത്തിയത്. യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിനെതിരായ പ്രതിരോധ ശ്രമങ്ങളെ ഒരു തലമുറയുടെ പോരാട്ടമെന്നും ഐക്യരാഷ്ട്രസഭയുടെ തന്നെ നിലനിൽപ്പിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും ഗുട്ടെറസ് പറഞ്ഞു.
ഇതൊരു ആരോഗ്യ പ്രതിസന്ധിയാണെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങൾ വളരെ ദൂരവ്യാപകമാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ സർക്കാരുകളും കോവിഡിനെതിരായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഭീകരസംഘടനകൾ ഇതിനെയൊരു അവസരമായി കണ്ട് ആക്രമണത്തിന് മുതിർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post