കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരും; മുന്നറിയിപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഈ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

‘ഞായറാഴ്ച ഞാന്‍ നരേന്ദ്ര മോഡിയുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ക്കാവശ്യമുള്ള മരുന്ന് എത്തിച്ചു നല്‍കുന്നതിനെ ഞങ്ങള്‍ വിലമതിക്കും. ഇനി ഇപ്പോള്‍ അത് ചെയ്തില്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ തിരിച്ചടിയുണ്ടായേക്കാം. അതുണ്ടാവാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ’ എന്നാണ് കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സില്‍ ട്രംപ് പറഞ്ഞത്.

വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മരുന്നുകളുടെയും മറ്റ് കൊവിഡ് രോഗ ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി മാര്‍ച്ച് 25 മുതല്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ വൈറസ് ബാധിതരായ പല രോഗികളിലും ഫലപ്രദമായതിനെത്തുടര്‍ന്നാണ് ഇത്തരമൊരു ആവശ്യം അമേരിക്ക ഉന്നയിച്ചത്.

അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കില്‍ ഇളവ് അനുവദിക്കണമെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയില്‍ 3.66ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 10000 കവിഞ്ഞിരിക്കുകയാണ്.

Exit mobile version