സ്റ്റോക്ക്‌ഹോം: ജനസമ്പർക്കത്തിലൂടെ കൊറോണ അതിവേഗം പടരുമെന്നും സോഷ്യൽഡിസ്റ്റൻസിങ് പാലിക്കണമെന്നും ലോകം വിളിച്ചു പറഞ്ഞിട്ടും ചെവികൊള്ളാതെ സ്വീഡന്റെ ക്രൂരത. ഭരണകൂടത്തിന്റെ വീഴ്ചകാരണം സ്വീഡനിൽ കൊറോണ മരണക്കൊയ്ത്തിനാണ് ഒരുങ്ങുന്നത്. കൊറോണ കാലത്ത് നിയന്ത്രണങ്ങളില്ലാതെ ജനങ്ങൾക്ക് സർവ്വ സ്വാതന്ത്ര്യവും നൽകിയതോടെ രോഗം രാജ്യത്ത് പിടിമുറുക്കിയിരിക്കുകയാണ്. ഇതോടെ കൊറോണ ബാധിച്ച് രാജ്യത്ത് ആയിരങ്ങൾ മരിക്കുമെന്നും പൗരന്മാർ അതിനെ അഭിമുഖീകരിക്കാൻ തയ്യാറായിരിക്കണമെന്നും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലൊവെന് ആഹ്വാനം ചെയ്യേണ്ടിയും വന്നിരിക്കുകയാണ്.
വൈറസ് വ്യാപനം തടയാൻ രാജ്യത്ത് നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്താത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിന് സ്വീഡിഷ് സർക്കാരിനെ ആരോഗ്യ വിദഗ്ധർ കണക്കറ്റ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൗരന്മാർക്ക് മുന്നറിയിപ്പുമായി സർക്കാർ രംഗത്ത് വന്നത്. കൂടുതൽ പരിചരണം വേണ്ടിവരുന്ന തരത്തിൽ ഗുരുതരമായി കൂടുതലാളുകൾക്ക് രോഗം വന്നേക്കാം. ആയിരങ്ങൾ മരിക്കും, അതിനെ അഭിമുഖീകരിക്കാൻ നമ്മൾ തയ്യാറാകേണ്ടതുണ്ടെന്നും സ്റ്റെഫാൻ ലോവൻ പറഞ്ഞു.
നിലവിൽ ഏഴായിരത്തിന് അടുത്ത് കൊറോണ രോഗികളാണ് സ്വീഡനിൽ ഉള്ളത്. 465 പേർ മരിക്കുകയും ചെയ്തു. 205 പേരാണ് രോഗമുക്തി നേടിയത് ഇതുവരെ. അതേസമയം, ഏറെ വൈകിയെങ്കിലും രോഗത്തെ തടയാനായി ചില നിയന്ത്രണങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ കൂട്ടം ചേരുന്ന ചടങ്ങുകളിൽ 49 പേരിൽ കൂടുതൽ അനുവദിക്കില്ല. ബാറുകളിലും ഭക്ഷണ ശാലകളിലും ടേബിൾ സർവീസുകൾ മാത്രമേ അനുവദിക്കൂ. ആളുകൾ കൂടാറുള്ള അബ്ബ മ്യൂസിയം അടക്കമുള്ള ചില സ്ഥാപനങ്ങൾ അടച്ചിടും.
എന്നാൽ, തൊട്ടടുത്ത ജർമ്മനിയിലും യുകെയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കൊറോണ ജീവനുകൾ കൂട്ടത്തോടെ എടുക്കുമ്പോൾ സ്വീഡൻ ഇതിൽ നിന്നൊന്നും പാഠം പഠിക്കാൻ തയ്യാറല്ല. യൂറോപ്പിലെ മറ്റ് രാജ്യങ്ങൾ മുഴുവൻ കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങിയപ്പോൾ സ്വീഡനിൽ ഇപ്പോഴും ജനജീവിതം സാധാരണനിലയിലാണ്. എല്ലായിടത്തും ആൾക്കൂട്ടവും, ബാറുകൾ ഉൾപ്പടെ തുറന്ന് സോഷ്യൽജീവിതം ആവോളം ആസ്വദിക്കുകയാണ് രാജ്യം.
സ്‌കൂളുകൾ, ഭക്ഷണ ശാലകൾ,ഓഫീസുകൾ എല്ലാം നിർബാധം പ്രവർത്തിക്കുന്നു. ആകെയുള്ള നിയന്ത്രണമെന്ന് പറയുന്നത് 50 പേർ വരെ കൂടുന്ന സമ്മേളനങ്ങൾ മാത്രമെ അനുവദിക്കൂ എന്നുള്ളതാണ്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ള പ്രായമായവരും മറ്റ് അവശതകളുള്ളവർക്കും മാത്രം പുറത്തിറങ്ങുന്നതിനാണ് നിയന്ത്രണങ്ങളുള്ളത്. സ്വീഡന്റെ നിലവിലെ അച്ചടക്കമില്ലായ്മ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ ലോകം മുന്നറിയിപ്പ് നൽകുകയാണ്.