ന്യൂയോര്‍ക്ക്: കൊറോണ രോഗികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ട നഴ്‌സുമാര്‍ മരിച്ച രോഗികളുടെ ചിത്രങ്ങളുമുയര്‍ത്തി പ്രതിഷേധവുമായി രംഗത്ത്. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള ന്യൂയോര്‍ക്കിലാണ് സംഭവം. സുരക്ഷ ഉപകരണങ്ങളുടെ ദൗര്‍ലഭ്യത്തില്‍ പ്രതിഷേധിച്ചാണ് നഴ്സുമാര്‍ രംഗത്തിറങ്ങിയത്
മന്‍ഹാട്ടനിലെ മൗണ്ട് സീനായ് ആശുപത്രിക്ക് മുന്നിലായിരുന്നു നഴ്‌സുമാരുടെ പ്രതിഷേധം. കൊറോണ രോഗികളെ പരിചരിക്കുന്ന നഴ്‌സുമാര്‍ക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് രോഗികളെ പരിചരിക്കുന്നതിനിടെ മരിച്ച സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് നഴ്‌സുമാര്‍ അണിനിരന്നത്.
കൂടാതെ പലയിടങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒക്കലഹോമയില്‍ യൂനിഫോം ധരിച്ചു ജോലി സ്ഥലത്തേക്ക് പുറപ്പെട്ട നഴ്സിന് വെടിയേറ്റിരുന്നു രോഗവ്യാപനത്തിന്റെ ഉത്തരവാദികള്‍ ആരോഗ്യരംഗത്തെ ജീവനക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വിവരം അധികൃതരെ ബോധിപ്പിച്ചിട്ടുണ്ടെങ്കിലും ഇവര്‍ കാര്യക്ഷമമായി ഇടപെടാതെ അന്തം വിട്ട് നില്‍ക്കുകയാണെന്നും തൊഴില്‍ സുരക്ഷയില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ജീവനക്കാര്‍ ഭയപ്പെടേണ്ടതില്ലെന്നും കഴിയുമെങ്കില്‍ യൂനിഫോം, ബാഡ്ജുകള്‍ എന്നിവ ധരിച്ചു പൊതുസ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നുമാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ ഇതൊന്നും പ്രശ്‌നത്തിന് പരിഹാരമല്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സുരക്ഷ സംവിധാനങ്ങള്‍ ഒന്നും ഇല്ലെന്ന് മാത്രമല്ല മൂന്നു നഴ്സുമാര്‍ ചേര്‍ന്ന് 35 രോഗികളെയെങ്കിലും പരിചരിക്കേണ്ട ദുരവസ്ഥയാണെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
സാധാരണ ഒരു മാസ്‌ക് ഒരു തവണയാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ആശുപത്രി വിതരണം ചെയ്യുന്ന മാസ്‌കുകള്‍ ഡ്യൂട്ടി അവസാനിക്കുമ്പോള്‍ കവറിലാക്കി തിരിച്ചേല്‍പിക്കണം. പിന്നീട് ഇതുതന്നെ ഉപയോഗിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നെന്നും നഴ്സുമാര്‍ പറഞ്ഞു.
ജോലി നിര്‍ഭയമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് നഴ്സുമാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ജീവനക്കാരുടെ സുരക്ഷക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് അധികൃതര്‍ അവകാശപ്പെടുന്നത്
Discussion about this post