മോസ്കോ: ഉറക്കെ സംസാരിച്ചതിന് റഷ്യയില്‍ അഞ്ച് പേരെ യുവാവ് വെടിവച്ച് കൊന്നു. റൈസാന്‍ മേഖലയിലെ യെലാത്മയിലുള്ള ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 32 വയസുകാരനായ യുവാവിനെ
പോലീസ് അറസ്റ്റ് ചെയ്തു.
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റഷ്യയിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ആരും വീടിന്റെ വെളിയിലിറങ്ങാതെ വീട്ടിനുള്ളില്‍തന്നെ കഴിയണമെന്നാണ് നിര്‍ദേശം. മരണപ്പെട്ടവര്‍ 32 വയസുകാരന്റെ വീടിന്റെ പുറത്തുനിന്ന് ഉച്ചത്തില്‍ സംസാരിക്കുകയായിരുന്നു.
ഉറക്കെയുള്ള ശബ്ദം കേട്ട് ബാല്‍ക്കണിയിലെത്തിയ യുവാവ് അഞ്ചംഗ സംഘത്തോട് ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം വകവെയ്ക്കാതിരുന്നതോടെ തര്‍ക്കമായി. പ്രകോപിതനായ യുവാവ് തോക്കുമായെത്തി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. യുവാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്ക് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Discussion about this post