ന്യൂയോര്‍ക്ക്: ലോകം ഇന്ന് കൊറോണ വൈറസ് ഭീതിയില്‍ നിന്ന് കരകയറാനുള്ള കഠിന പരിശ്രമത്തിനിടെ പുതിയ വെല്ലുവിളി. മനുഷ്യനില്‍ നിന്ന് പതിയെ മാറി, ഇപ്പോള്‍ മൃഗങ്ങളിലേയ്ക്ക് പടരുകയാണ്. ന്യൂയോര്‍ക്കിലെ കടുവയ്ക്കാണ് ഇപ്പോള്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന കടുവയ്ക്കാണ് വൈറസ് ബാധ.
നാലുവയസുള്ള മലയന്‍ പെണ്‍ കടുവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം, മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ പുലികളിലും രോഗലക്ഷണം പ്രകടമായിട്ടുണ്ട്. ഇതോടെഅധികൃതര്‍ കടുത്ത ആശങ്കയിലാണ്. കടുവയിലേക്ക് രോഗം പകര്‍ന്നത് മൃഗശാല ജീവനക്കാരില്‍ നിന്നാകാമെന്നാണ് പ്രാഥമിക നിഗമനം. മാര്‍ച്ച് മധ്യത്തോടെ മൃഗശാല രോഗപ്പകര്‍ച്ച തടയുന്നതിനായി അടച്ചിട്ടിരുന്നതാണ്.
അതേസമയം കടുവയില്‍ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ വൈറസ് മുക്തമാവുക എന്നത് അധികൃതര്‍ക്ക് മുന്‍പില്‍ വലിയൊരു വെല്ലുവിളിയായി തന്നെ മാറിയിരിക്കുകയാണ്.