ലോകത്തെ മുഴുവൻ വിറപ്പിച്ച് നിർത്തിയ രോഗമെന്ന ഖ്യാതിയൊന്നും ഇനിയും കൊറോണയ്ക്ക് സ്വന്തമാക്കാനായിട്ടില്ല. കൊറോണ വൈറസിന് ഇനിയും കീഴ്പെടുത്താനാകാത്ത നിരവധി രാജ്യങ്ങൾ ഇപ്പോഴും ഈ വലിയ ലോകത്തുണ്ട്. ഇത്തിരിക്കുഞ്ഞൻമാരായ ദ്വീപ് രാഷ്ട്രങ്ങൾ മുതൽ, ദശലക്ഷക്കണക്കിന് ജനങ്ങളുള്ള യെമൻ പോലുള്ള രാജ്യങ്ങളും കൊറോണയെ തീണ്ടാപ്പാടകലെ നിർത്തിയിരിക്കുകയാണ്. ലോകമെമ്പാടും 12 ലക്ഷത്തിലേറെ ജനങ്ങളെയാണ് കൊറോണ രോഗികളാക്കിയിരിക്കുന്നത്. എന്നാൽ, രണ്ടര ലക്ഷത്തോളം പേർ രോഗത്തെ തോൽപ്പിക്കുകയും 65,000ന് മുകളിൽ ജനങ്ങൾ രോഗത്തോട് പൊരുതി തോൽക്കുകയും ചെയ്തു.
വാർത്തകൾ ശുഭകരമല്ലെങ്കിലും കൊറോണയെ പരാജയപ്പെടുത്താൻ സാധിക്കാത്ത ഒന്നല്ലെന്ന് കണക്കുകളും കാണിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കൊറോണയുടെ വ്യാപനമാണ് ലോകത്തെ വിറപ്പിക്കുനന്ത്. ഇത്തരത്തിൽ ഒരു ആരോഗ്യ അടിയന്തരാവസ്ഥ സ്പെയിൻ മുതൽ സുഡാൻ വരെയുള്ള രാജ്യങ്ങളോ നേപ്പാൾ മുതൽ നിക്കാരഗ്വെ വരെയുള്ള രാജ്യങ്ങളോ പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം.
ജനുവരി ആദ്യവാരത്തിൽ കൃത്യമായി പറഞ്ഞാൽ ജനുവരി 12 വരെ ചൈനയിൽ നിന്നാണ് കൊറോണ വൈറസ് ബാധിച്ച മരണങ്ങളും രോഗബാധിതരുടെ എണ്ണവും എല്ലാം പുറത്തുവന്നു കൊണ്ടിരുന്നത്. ചൈനയ്ക്ക് പുറത്ത് ഒരു മനുഷ്യന് പോലും അന്ന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ജനുവരി 13-ന് തകിടം മറിഞ്ഞു. ചൈനയുമായി നിരന്തരം ഇടപെടുന്ന തൊട്ടടുത്തുള്ള തായ്ലാൻഡിൽ ആദ്യത്തെ ചൈനയ്ക്ക് പുറത്തുള്ള കൊറോണ രോഗിയെ കണ്ടെത്തി. പിന്നീട് ജപ്പാനിലും ദക്ഷിണ കൊറിയയിലും വൈകാതെ കാതങ്ങൾക്ക് അപ്പുറത്തുള്ള യുഎസ്എയിലും രോഗം സ്ഥിരീകരിച്ചു. പിന്നീട് ഒന്നും കൈയ്യിൽ നിൽക്കാത്ത കണക്കുകളായിരുന്നു. യൂറോപ്പിനെ ചൈനയേക്കാൾ മോശമായ രീതിയിൽ കൊറോണ കീഴ്പ്പെടുത്തി. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. മരുന്നും സുരക്ഷാ ഉപകരണങ്ങളുമില്ലാതെ സമ്പന്ന രാജ്യങ്ങൾ ലോകത്തോട് സഹായമഭ്യർത്ഥിക്കുകയാണ്. ഇറ്റലിയും സ്പെയിനും മരണസംഖ്യയിൽ ചൈനയെ പോലും പിന്തള്ളി. ഇറാനും ഏഷ്യയുടെ കണ്ണീരായി.
സ്ഥിതിഗതികൾ വളരെ മോശമെങ്കിലും കൊറോണ ഇനിയും എത്താത്ത ലോകത്തെ ഏതെങ്കിലും കോണുണ്ടോ എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. അവർക്ക് പ്രതീക്ഷ നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതെ! കൊറോണ ഇനിയും തൊടാത്ത രാജ്യങ്ങളുണ്ട്. ലോകത്താകമാനം ഐക്യരാഷ്ട്രഭ അംഗീകരിച്ച 193 രാഷ്ട്രങ്ങളാണ് ഉള്ളത്. ഇവയിൽ മാർച്ച് പകുതിയിലെ കണക്കുകൾ വെച്ച് നോക്കിയാൽ 63 രാഷ്ട്രങ്ങളിൽ കൊറോണയുണ്ടായിരുന്നില്ല. എന്നാൽ ഏപ്രിൽ രണ്ടിലെ കണക്ക് അനുസരിച്ച് 18 രാജ്യങ്ങളാണ് ഇനിയും കൊറോണ സ്ഥിരീകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയിലുള്ളത്. എന്നാൽ, ഏപ്രിൽ അഞ്ചിലേക്ക് എത്തുമ്പോൾ കൂടുതൽ രാജ്യങ്ങളിൽ കൂടി കൊറോണ എത്തിയതോടെ കൊറോണ ബാധിക്കാത്ത 17 രാജ്യങ്ങളാണ് ലോകത്തുള്ളത്. ഈ കണക്കിനെ സംബന്ധിച്ചും തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രതീക്ഷ തന്നെയാണ് ഈ ഡാറ്റ.
ബിബിസിയുടെ കണക്ക് അനുസരിച്ച് കോവിഡ് 19 രോഗമെത്താത്ത രാജ്യങ്ങൾ ഇവയൊക്കെയാണ്. കോമൊറോസ്, ക്രിബാതി, ലെസൊതൊ, മാർഷൽ ഐലൻഡ്സ്, മൈക്രോനേഷ്യ, നാവുറു, ഉത്തര കൊറിയ, പലാവു, സമോവ, സാവോ ടോമെ ആന്റ് പ്രിൻസിപി, സോളമൻ ഐലൻഡ്സ്, തജിക്കിസ്ഥാൻ, ടോംഗ, തുർക്ക്മെനിസ്താൻ, ടുവാലു, വനാടു, യെമൻ.
അതേസമയം, ഈ രാജ്യങ്ങളൊന്നും പൂർണ്ണമായും കൊറോണ മുക്തമെന്ന് പറയാനാവില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു, ഇവിടങ്ങൡ റിപ്പോർട്ട് ചെയ്യാത്ത കേസുകളുണ്ടാകാമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഉദാഹരണമായി ഉത്തരകൊറിയയും യുദ്ധം തകർത്ത യെമനും. ഔദ്യോഗികമായി ഇവിടങ്ങളിൽ രോഗമില്ലെന്നാണ് കണക്കെങ്കിലും വിശ്വസിക്കാൻ ലോകത്തിന് പ്രയാസമാണ്. കൊറിയ സത്യം മറച്ചുവെയ്ക്കാൻ സാധ്യതയുള്ളപ്പോൾ യെമനിൽ പരിശോധന നടത്താൻ സാഹചര്യം പോലുമില്ല എന്നതാണ് യാഥാർത്ഥ്യം. പരിശോധന നടത്താത്ത രാജ്യങ്ങളും പരിശോധനയ്ക്കുള്ള സാഹചര്യമില്ലാത്ത രാജ്യങ്ങളും ഈ പട്ടികയിൽ ഉള്ളതിനാൽ കൃത്യമാണോ കണക്കുകൾ എന്നതിലും ആശയക്കുഴപ്പമുണ്ട്.
പക്ഷെ, രോഗമില്ലെന്ന് തറപ്പിച്ച് പറയാൻ കഴിയുന്ന രാജ്യങ്ങളും ഈ 17 രാഷ്ട്രങ്ങളുടെ പട്ടികയിലുണ്ട്. കുഞ്ഞു ദ്വീപ് രാഷ്ട്രങ്ങളായ ഇവയിൽ ചിലതിലേക്ക് പുറത്ത് നിന്ന് സഞ്ചാരികളോ മറ്റുള്ളവരോ എത്തിചേരാറില്ല. ഏറ്റവും കുറവ് സഞ്ചാരികളെത്തുന്ന രാജ്യങ്ങളെന്ന് യുഎൻ തന്നെ കണക്കാക്കിയ രാഷ്ട്രങ്ങളാണ് ഈ പട്ടികയിലെ പല ദ്വീപ് രാഷ്ട്രങ്ങളും. അതുകൊണ്ട് സ്വയംഐസോലേഷനിൽ കഴിയുന്ന, സോഷ്യൽ ഡിസ്റ്റൻസിങ് ‘ജന്മനാൽ’ സൂക്ഷിക്കുന്ന ഈ രാജ്യങ്ങളിലേക്ക് കോവിഡ് എത്തിനോക്കിയിട്ടില്ലെന്ന് തന്നെ ഉറപ്പിക്കാം.
ഉദാഹരണമായി, 320 കി.മി മാത്രം ചുറ്റളവുള്ള നവുറു എന്ന പസിഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രം. ബ്രിസ്ബെയിനിൽ നിന്നും 2,500 മൈൽ അകലെ കിടക്കുന്ന ദ്വീപാണ് നവുറു. നവുറുവിന്റെ ഏറ്റവും അരികിലുള്ള രാജ്യം ക്രിബാതിയാണ്. ഏറ്റവും അരികിലുള്ള വലിയ നഗരമാകട്ടെ ബ്രിസ്ബെയ്നും. ഒരു വർഷത്തിൽ ശരാശരി 160 സഞ്ചാരികൾ മാത്രമെത്തുന്ന ഈ രാഷ്ട്രം എങ്കിലും റിസ്ക്ക് എടുക്കാൻ തയ്യാറല്ല. ആകെ 10,000 പേരുടെ ജനസംഖ്യയേ രാജ്യത്തുള്ളൂ എങ്കിലും വെന്റിലേറ്റർ സൗകര്യം പോലുമില്ലാത്ത ഒരു ആശുപത്രിയും വളരെ കുറച്ച് ആരോഗ്യപ്രവർത്തകരുമുള്ള നവുറു പുറത്തുനിന്ന് എത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ പ്രഖ്യാപിച്ചും വിദേശത്ത് നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയുമാണ് കൊറോണയെ പ്രതിരോധിക്കാൻ സജ്ജമായത്.
ഇത്തരത്തിൽ കൊറോണയ്ക്ക് മുന്നിൽ ലോകത്തെ സാമ്പത്തിക ശക്തികളായ യൂറോപ്യൻ രാജ്യങ്ങളും യുഎസ്എയും യുകെയും പശ്ചിമേഷ്യൻ രാജ്യങ്ങളും പത്തിമടക്കിയപ്പോൾ കൊച്ചുരാജ്യങ്ങൾ കൊറോണയെ പടിക്ക് പുറത്തുനിർത്തി തലയുയർത്തി തന്നെ നിൽക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനൊപ്പം ജനസംഖ്യയുടെ കാര്യത്തിൽ ഏറെ ഭയക്കാനുള്ള ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ ഡാറ്റ.
Discussion about this post