വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഗ ചികിത്സയ്ക്കായി ഇന്ത്യയോട് മലേറിയ മരുന്നുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ മലേറിയ ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്നിന്റെ ഗുളികകള്‍ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
എന്നാല്‍ തങ്ങള്‍ക്ക് വേണ്ടി വിലക്കില്‍ ചെറിയ ഇളവ് വരുത്തണമെന്നാണ് അമേരിക്കയുടെ അഭ്യര്‍ത്ഥന. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കില്‍ ഇളവ് അനുവദിക്കണമെന്ന് മോഡിയോട് അഭ്യര്‍ത്ഥിച്ചതായാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. വൈറ്റ് ഹൗസില്‍ നടന്ന കൊറോണവൈറസ് ടാസ്ക് ഫോഴ്സിന്റെ അവലോക യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ താനും ഈ മരുന്ന് കഴിക്കാന്‍ തയ്യാറാണെന്നും ട്രംപ് അറിയിച്ചു.
ഇന്ത്യ ഈ മരുന്ന് കൂടുതലായി നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ അവിടുത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് ഒരുപാട് മരുന്നിന്റെ ആവശ്യമുണ്ട്. സ്ട്രാറ്റജിക് നാഷണല്‍ സ്റ്റോക്ക്പൈല്‍ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തിയ കാര്യം നരേന്ദ്ര മോഡദി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മലേറിയ മരുന്നിന്റെ കാര്യം സംസാരിച്ചുവെന്ന് അതില്‍ വ്യക്തമാക്കിയിട്ടില്ല. കൊവിഡ് 19 വൈറസിനെതിരെ ഒരുമിച്ച് പൊരുതാന്‍ ധാരണയിലെത്തിയെന്നാണ് മോഡിയുടെ ട്വീറ്റില്‍ പറയുന്നത്.
അമേരിക്കയില്‍ വൈറസ് ബാധമൂലം ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് മരിച്ചത്. 1224 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 630 മരണങ്ങളും ന്യൂയോര്‍ക്കിലാണ് നടന്നത്. ഇതോടെ മരണസംഖ്യ 8300 ആയി ഉയര്‍ന്നു. യുഎസില്‍ ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post