ഞാന്‍ മാസ്‌ക് ധരിക്കുമോ എന്ന് ഉറപ്പില്ല, അതുകൊണ്ട് ആരേയും മാസ്‌ക് ധരിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കില്ല; കൊറോണ പടര്‍ന്നുപിടിക്കുമ്പോള്‍ ജനങ്ങളോട് ട്രംപ്

വാഷിങ്ടണ്‍: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് യുഎസില്‍ ദിനംപ്രതി നിരവധി പേരുടെ ജീവനാണ് കവര്‍ന്നെടുക്കുന്നത്. അതിനിടെ മാസ്‌ക് ധരിക്കാന്‍ താന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മാസ്‌ക് ഉപയോഗിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വൈറസ് വ്യാപനം കുറയ്ക്കാന്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് എന്നാല്‍ താന്‍ ആരേയും മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കുകയില്ലെന്നും കൂട്ടിച്ചേര്‍ത്തു. മാസ്‌ക് ധരിക്കണോ വേണ്ടയോ എന്നുള്ളത് ജനങ്ങള്‍ക്ക് സ്വയം തീരുമാനിക്കാമെന്നും താനത് ഉപയോഗിക്കുമോ എന്ന കാര്യം ഉറപ്പില്ലെന്നും ട്രംപ് വ്യക്തമാക്കി.

ദിനംപ്രതിയുള്ള കോവിഡ്-19 അവലോകന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് യുഎസ് ജനതയോട് ട്രംപ് ഇക്കാര്യം വിശദമാക്കിയത്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കാനിരിക്കുന്ന രോഗനിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ട്രംപ്.

മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ ട്രംപ് തുണി കൊണ്ടുള്ള മാസ്‌ക് ആണ് കൂടുതല്‍ നല്ലതെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസമാണ് ട്രംപിന്റെ രണ്ടാമത്തെ കൊറോണ പരിശോധനാഫലം പുറത്തുവന്നത്. പരിശോധനാഫലം ഇത്തവണയും നെഗറ്റീവാണെന്ന് ട്രംപ് തന്നെയാണ് അറിയിച്ചത്.

അതേസമയം, യുഎസില്‍ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കൊറോണവൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 7,385 ആയി ഉയര്‍ന്നു. ന്യൂയോര്‍ക്കില്‍ മാത്രം ഇത് 3,218 ആണ്, 2011 ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ അധികമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Exit mobile version