ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളൊക്കെ കൊവിഡ് 19 വൈറസിന്റെ ഭീതിയിലാണ് ഇപ്പോള്‍. വൈറസിനെ ഫലപ്രദമായി നേരിടാന്‍ പ്രതിരോധ വാക്സിന് വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ഓരോ രാജ്യത്തിലെയും ഗവേഷകര്‍. ഇപ്പോഴിതാ തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്സിനുപയോഗിച്ച് എലികളില്‍ നടത്തിയ പഠനം പ്രത്യാശ നല്‍കുന്നതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുഎസ് ശാസ്ത്രജ്ഞര്‍. അമേരിക്കയിലെ പിറ്റ്സ്ബര്‍ഗ് സ്കൂള്‍ ഓഫ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തിലൊരു അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പുതിയ വാക്സിന് വൈറസിനെതിരെയുള്ള പ്രതിരോധ പ്രതികരണം വര്‍ധിപ്പിക്കുന്നതിനായി കണ്ടെത്തി എന്നാണ് ഗവേഷകര്‍ പറയുന്നത്. ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (SARS), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (MERS) എന്നിവയ്ക്ക് കാരണമാകുന്ന മറ്റ് കൊറോണ വൈറസുകളിലും ഇത് ഫലപ്രദമാവുകയാണെങ്കില്‍ കൊവിഡ് 19ന് എതിരായ വാക്സിന് വികസനത്തിലേക്ക് അതിവേഗം മുന്നേറാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
വൈറസിനെതിരായ പ്രതിരോധശക്തി ഉണ്ടാക്കുന്നതിന് വേണ്ടി സ്പൈക്ക് പ്രോട്ടീന്‍ എന്ന ഒരു പ്രത്യേക പ്രോട്ടീന്‍ ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് മനസിലായത് എന്നാണ് പിറ്റ്സ്ബര്‍ഗിലെ അസോസിയേറ്റ് പ്രൊഫസറായ ആന്‍ഡ്രിയ ഗംബോട്ടോ പറഞ്ഞത്. എലികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ പ്രോട്ടോടൈപ്പ് വാക്സിന്റെ ഫലമായി പുതിയ കൊറോണ വൈറസിനെതിരെ രണ്ടാഴ്ചക്കുള്ളില്‍ ആന്റിബോഡികളുടെ ഒരു തള്ളിക്കയറ്റം തന്നെ ഉണ്ടായെന്നും അവര്‍ വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വാക്സിന് മനുഷ്യരില്‍ പരീക്ഷിച്ച് നോക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറഞ്ഞത്.
Discussion about this post