ലണ്ടൻ: കൊറോണ ലോകമെമ്പാടും പടർന്നുപിടിച്ചതോടെ രോഗ ലക്ഷണങ്ങൾ വിശദീകരിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. നിർത്താതെയുള്ള ചുമ, പനി, തൊണ്ടവേദന, തുമ്മൽ, മൂക്കടപ്പ്, വയറിളക്കം, ശരീരവേദന തുടങ്ങിയവയാണ് കോവിഡ്19 ലക്ഷണങ്ങളെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ ഇതിനൊപ്പം മറ്റ് ചില ലക്ഷണങ്ങളും കൊറോണ ബാധിച്ചവർക്ക് ഉണ്ടാകുമെന്നാണ് യുകെയിലെ ഡോക്ടർമാർ പറയുന്നത്.
കൊറോണ വൈറസ് ശരീരത്തിൽ കയറിയതിന് ശേഷം ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ ചില രോഗികൾക്ക് മണവും രുചിയും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടതായാണ് ഡോക്ടർമാർ പറയുന്നത്. യുകെ ഇഎൻടി ഡോക്ടർമാർ പറയുന്നത് കോവിഡ് ബാധയുടെ ആദ്യലക്ഷണങ്ങളാകാം ഇവയെന്നാണ്. പെട്ടെന്ന് തിരിച്ചറിയാനാകാത്ത ഈ ലക്ഷണങ്ങൾ ഉള്ളവരും ആശുപത്രിയിൽ ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ വെളിപ്പെടുന്നത്.
അതേസമയം, നിരവധി ആളുകളിൽ ഇതിനപ്പുറം മറ്റ് ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ തന്നെ രോഗം ഭേദമാകുന്നതായും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരക്കാരിൽ ചിലർ തങ്ങൾക്ക് കോവിഡ് 19 ബാധയുണ്ടെന്ന് തിരിച്ചറിയുന്നതു പോലുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ യാതൊരു സങ്കീർണമായ ലക്ഷണങ്ങളുമില്ലാതെ രോഗം ഭേദമാകുന്ന ആളുകൾ അധികവും ആരോഗ്യവാന്മാരായ ചെറുപ്പക്കാരാണെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരക്കാരുടെ സ്വാഭാവിക പ്രതിരോധ ശേഷി വൈറസിനെ അവരുടെ ശ്വാസകോശത്തിലേക്ക് പടരുന്നതിനെ തടയുകയാണ് ചെയ്യുന്നത്. വൈറസ് ശ്വാസകോശത്തിലെത്തുന്നതോടെയാണ് ന്യൂമോണിയ അടക്കമുള്ള ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നത്.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രുചി, മണം എന്നിവ നഷ്ടപ്പെട്ടുവെന്ന കാരണവുമായി എത്തുന്നവരുടെ എണ്ണം വർധിച്ചുവെന്ന് യുകെ ഇഎൻടി പ്രസിഡന്റായ പ്രൊഫ. നിർമൽ കുമാർ പറയുന്നത്. ആഴ്ചയിൽ നാലു പേരെങ്കിലും ഇത്തരത്തിൽ എത്താറുണ്ട്. ഇവരിൽ അധികവും 40 വയസിൽ താഴെയുള്ളവരാണെന്നും നിർമൽ കുമാർ സാക്ഷ്യപ്പെടുത്തുന്നു. ജർമ്മനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് രോഗം ബാധിച്ചവരിൽ നിരവധി ആളുകൾക്ക് ഇതേ ലക്ഷണങ്ങളാണ് ആദ്യം പ്രകടിപ്പിച്ചിരുന്നതെന്നും മുമ്പ് ചില ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു.
Discussion about this post