ന്യൂയോർക്ക്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയുടെ വളർച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിനാൽ കിഴക്കനേഷ്യയിലെ 1.10 കോടി പേർ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് ബാധയിൽ നിന്ന് വിമുക്തിനേടി മികച്ച സാഹചര്യം ചൈനയിലുണ്ടായാലും വളർച്ച 2.3ശതമാനമായി കുറയും. 2019ൽ 6.1 ശതമാനമായിരുന്നു ചൈനയിലെ വളർച്ച.
ലോക ജനസംഖ്യയുടെ അഞ്ചിൽ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങൾ പൂട്ടിയിട്ടതും ഗതാഗതം നിർത്തിവെച്ചതും സാമ്പത്തിക രംഗത്തെ കാര്യമായി തന്നെ ബാധിക്കും. കോവിഡ് പൊട്ടിപുറപ്പെട്ട രാജ്യമായ ചൈന തടസങ്ങളെ മാറ്റി തിരിച്ചുവന്നാലും മാന്ദ്യത്തെ നേരിടേണ്ടി വരുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.
കോവിഡ് വ്യാപകമാകുന്നതിനും രണ്ടുമാസം മുമ്പ് ചൈന 5.9 ശതമാനം വളർച്ച നേടുമെന്നായിരുന്നു ലോക ബാങ്കിന്റെ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. ഇതുതന്നെ 1990നുശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണ്. വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാകും കടുത്ത ഭീഷണി നേരിടേണ്ടിവരികയെന്നും ലോക് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആദിത്യ മാറ്റോ വ്യക്തമാക്കി.
Discussion about this post