സിയോൾ: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ കണക്കിലും ചൈന കള്ളം പറയുന്നെന്ന് ചൈനയിലെ ജനങ്ങളും ലോകരാഷ്ട്രങ്ങളും. ചൈന പുറത്തുവിട്ട മരണ നിരക്കുകൾ ശരിയല്ലെന്നാണ് ചൈനയ്ക്ക് അകത്ത് നിന്നു തന്നെ ഉയരുന്ന ആക്ഷേപം. വുഹാനിൽ മാത്രം 42,000 പേർ മരിച്ചിരിക്കുമെന്നാണ് ചൈനയിലെ ജനങ്ങൾ കതെളിവുസഹിതം ചൂണ്ടിക്കാണിക്കുന്നത്.
ചൈന പുറത്തുവിട്ട 3200 കൊറോണ മരണം എന്ന കണക്ക് യാഥാർത്ഥ്യമല്ലെന്നാണ് രാജ്യത്തിനകത്തെ സംസാരം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വുഹാനിൽ മാത്രം 42,000 പേരെങ്കിലും മരിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് ചൈനീസ് ജനത പറയുന്നത്.
ഇതിനായി ചൈനക്കാർ ചൂണ്ടിക്കാണിക്കുന്ന തെളിവുകൾ ഇങ്ങനെ: വുഹാനിൽ പ്രവർത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളാണുള്ളത്. ഇവ ഓരോന്നിൽ നിന്നും ഓരോ ദിവസവും ചിതാഭസ്മം അടങ്ങിയ 500 കുടങ്ങളാണ് മരിച്ചവരുടെ ബന്ധുക്കൾക്കായി നൽകിയത് എന്നാണ് വുഹാൻ നിവാസികൾ പറയുന്നത്. അതായത്, ഒരു ദിവസം മാത്രം കൈമാറിയത് 3500 പേരുടെ ചിതാഭസ്മം. അങ്ങനെയെങ്കിൽ തന്നെ 3200 പേർ മാത്രമാണ് മരിച്ചതെന്ന ചൈന സർക്കാരിന്റെ കണക്ക് ഇവിടെ പിഴയ്ക്കുകയാണ്.
ഇതുകൂടാതെ, ഹാൻകോവ്, വുച്ചാങ്, ഹാന്യാങ് തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളോട് പറഞ്ഞിരിക്കുന്നത് അവരുടെ മരിച്ച ബന്ധുക്കളുടെ ചിതാഭസ്മം ഏപ്രിൽ 5 ന് മുൻപ് ലഭ്യമാക്കാം എന്നാണ്. ഹാൻകോവ് മേഖലയിൽ മാത്രം രണ്ടു ദിവസങ്ങളിലായി 5000 ചിതാഭസ്മ കുടങ്ങൾ നൽകിയിരുന്നു. പ്രവിശ്യയിലെ നിയന്ത്രണങ്ങളും സമ്പൂർണ്ണ അടച്ചുപൂട്ടലും അൽപം അയവുവരുത്തിയ സമയത്താണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ചൈന യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കുന്നത് രോഗത്തെക്കുറിച്ചുള്ള പഠനത്തെ മാത്രമല്ല, ലോകമൊട്ടാകെ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികളേയും വിപരീതമായി ബാധിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചൈനീസ് ജനത കൂടി വെളിപ്പെടുത്തുന്ന കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്പോൾ കാണുന്നതല്ല, അത് ഞെട്ടിപ്പിക്കുന്നതായി മാറുമെന്നാണ് സൂചന.