വാഷിംഗ്ടണ്‍: വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫിയെയും കൊറോണ കവര്‍ന്നു. കൊവിഡ് 19 ബാധിച്ച് അദ്ദേഹം ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് തന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എനിക്കും കുടുംബത്തിനും ഇപ്പോള്‍ അല്‍പം സ്വകാര്യതയാണ് വേണ്ടതെന്നും പൊതുജനങ്ങള്‍ കൊറോണയ്ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലെടുക്കണമെന്നും ഡിഫി കുറിപ്പില്‍ ആവശ്യപ്പെട്ടു.
നാടോടിപ്പാട്ടുകാരനായി തുടങ്ങി പോപ്പ് സംഗീതത്തിലെ ഹിറ്റ്ചാര്‍ട്ടിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു ഒക്ലഹോമ സ്വദേശിയായ ഡിഫി. 1990ലാണ് എ തൗസന്‍ഡ് വൈന്‍ഡിങ് റോഡ് എന്ന ആദ്യ ആല്‍ബം പുറത്തിറങ്ങിയത്. ഈ ആല്‍ബത്തിലെ ഗാനമാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ഹോം എന്ന ഗാനം.
കൂടാതെ, പിക്കപ്പ് മാന്‍, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്ബോക്സ് (ഇഫ് ഐ ഡൈ), ജോണ്‍ ഡീറി ഗ്രീന്‍ തുടങ്ങിയവായിരുന്നു മറ്റ് പ്രധാന ഹിറ്റുകള്‍. പതിമ്മൂന്ന് ആല്‍ബങ്ങളാണ് ഡിഫിയുടെ പേരില്‍ ഇറങ്ങിയത്. ഇതില്‍ ഇരുപതിലേറെ ഗാനങ്ങള്‍ ദീര്‍ഘനാള്‍ അമേരിക്കിയിലെ ടോപ് 10 ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.