സാവോപോളോ: ലോകം തന്നെ കൊറോണ വൈറസ് വ്യാപനത്തിൽ ഭയന്ന് വിറയ്ക്കുമ്പോൾ കൊറോണ എന്നത് ഹിസ്റ്റീരിയ ആണെന്നും രോഗം പടരില്ലെന്നും വാദിച്ച് ബ്രസീൽ ബ്രസിഡന്റ് ജെയർ ബൊൽസൊനാരോ. കൊവിഡ് മൂലം ബ്രസീലിൽ റിപ്പോർട്ട് ചെയ്യുന്ന മരണത്തിൽ സംശയം പ്രകടിപ്പിച്ച ഇദ്ദേഹം സ്റ്റേറ്റ് ഗവർണർ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മരണനിരക്കിൽ തെറ്റായ വിവരങ്ങളാണ് നൽകുന്നതെന്നും ആരോപിക്കുകയും ചെയ്തു. ബ്രസീലിന്റെ സാമ്പത്തിക കേന്ദ്രമായ സാവോ പോളോ നഗരത്തിലെ മരണനിരക്ക് തെറ്റാണെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. സാമ്പത്തിക കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ബൊൽസൊനാരോ രോഗവ്യാപനം തടയാൻ ശ്രമിക്കാത്തതിൽ ഗവർണർമാർ അമർഷത്തിലാണ്.
‘ക്ഷമിക്കണം, കുറച്ചു പേർ മരിക്കും, അതാണ് ജീവിതം, മരണം കൂടുന്നതിന്റെ പേരിൽ കാർ ഫാക്ടറി അടച്ചിടേണ്ട കാര്യമില്ല. എന്താണ് അവിടെ സംഭവിക്കുന്നതെന്ന് നോക്കണം. രാഷ്ട്രീയതാൽപര്യത്തിനു വേണ്ടിയുള്ള നമ്പറുകളുടെ കളിയല്ല ഇത്,’-എന്നായിരുന്നു ബൊൽസുനാരോ പറഞ്ഞത്. കൊവിഡ് ബാധിച്ച് 68 മരണങ്ങളാണ് ബ്രസീലിൽ റിപ്പോർട്ട് ചെയ്തത്. 1223 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.
കൊവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബ്രസീലിലെ 26 ഗവർണർമാർ രാജ്യത്ത് അത്യാവശ്യമല്ലാത്ത സാമ്പത്തിക പദ്ധതി പ്രവർത്തനങ്ങളും പൊതുസർവീസുകളും താൽക്കാലികമായി വിലക്കിയിരുന്നു. എന്നാൽ ഇത് അനാവശ്യമാണെന്നാണ് ബൊൽസൊനാരൊയുടെ വാദം. കൊവിഡിൽ കാര്യമായ നടപടി ക്രമങ്ങൾ എടുക്കാത്തതിന്റെ പേരിൽ ബൊൽസൊനാരോയ്ക്കെതിരെ ജനരോഷവും ശക്തമായിരുന്നു.
Discussion about this post