ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 27000 കവിഞ്ഞിരിക്കുകയാണ്. അമേരിക്കയില്‍ മാത്രം ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ അമേരിക്കയില്‍ മാത്രം വൈറസ് ബാധമൂലം 81,000 പേര്‍ മരിക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ജൂലൈ വരെ രോഗപ്പകര്‍ച്ച നിലനില്‍ക്കുമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
വൈറസിന്റെ വ്യാപനം അമേരിക്കയില്‍ ജൂലൈ വരെ നിലനില്‍ക്കാമെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച ആകുന്നതോടെ അമേരിക്കയില്‍ വൈറസ് പകര്‍ച്ച അതിന്റെ തീവ്രതയിലെത്തുമെന്നും ജൂലൈ വരെ രോഗബാധയേ തുടര്‍ന്നുള്ള മരണങ്ങള്‍ തുടരുമെന്നുമാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം ജൂണ്‍ മാസത്തോടെ മരണനിരക്കിന്റെ തോത് കുറയുമെന്നും ദിവസം പത്ത് പേര്‍ എന്ന നിലയിലേക്ക് എത്തിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമേരിക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവര്‍ പഠനം നടത്തിയത്. ഇതനുസരിച്ച് രോഗ വ്യാപനം ഈ രീതിയില്‍ തന്നെ തുടരുകയാണെങ്കില്‍ 38,000 മുതല്‍ 162,000 ആളുകള്‍ വരെ അമേരിക്കയില്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്.
വൈറസിന്റെ വ്യാപനം തീവ്രമായാല്‍ അമേരിക്കയിലെ ആശുപത്രികളില്‍ 64,000 കിടക്കകളാണ് ആവശ്യമായി വരിക. കൂടാതെ 20,000 വെന്റിലേറ്ററുകളും ആവശ്യമായി വരും. രോഗം വ്യാപിച്ച ന്യൂയോര്‍ക്കില്‍ ഇതിനോടകം തന്നെ വെന്റിലേറ്ററുകളുടെ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ രോഗവ്യാപനം ഇപ്പോള്‍ സാവധാനമാണ്. എന്നാല്‍ ഇവിടെ ഏപ്രില്‍ മാസത്തോടെ രോഗതീവ്രത ഉയര്‍ന്ന അവസ്ഥയിലെത്തുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കുന്ന ഡോ. ക്രിസ്റ്റഫര്‍ മുറെ പറയുന്നത്. അതുകൊണ്ട് തന്നെ രോഗ പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങള്‍ ദേശീയ തലത്തിലും ഫെഡറല്‍ തലത്തിലും നടപ്പിലാക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
Discussion about this post