വാഷിങ്ടൺ: ലോകം തന്നെ കൊറോണ വൈറസ് മഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 64 രാജ്യങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക. 174 മില്യൺ ഡോളാറാണ് 64 രാജ്യങ്ങൾക്കായി നൽകുക. ഇതിൽ ഉൾപ്പെട്ട ഇന്ത്യയ്ക്ക് 2.9 മില്യൻ ഡോളർ (217 കോടി രൂപയിലധികം) സഹായം ലഭിക്കും.
നേരത്തെ ഫെബ്രുവരിയിൽ യുഎസ് പ്രഖ്യാപിച്ച 100 മില്യൺ ഡോളർ സഹായത്തിന് പുറമെയാണ് ഈ ധനസഹായം. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി) ഉൾപ്പെടെ വിവിധ വകുപ്പുകളിലും ഏജൻസികളിലുമുള്ള അമേരിക്കൻ ആഗോള പ്രതികരണ പാക്കേജിന്റെ ഭാഗമാണ് പുതുതായി പ്രഖ്യാപിച്ച സഹായം. കൊറോണ മഹാമാരി ഏറ്റവും ഗുരുതരമായ രീതിയിൽ നേരിടുന്ന 64 രാജ്യങ്ങൾക്കാണ് സഹായം നൽകുന്നത്. ആഗോള ആരോഗ്യ നേതൃത്വത്തിന്റെ ഭാഗമായിട്ടാണ് 64 രാജ്യങ്ങൾ ധനസഹായം പ്രഖ്യാപിച്ചതെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് (യുഎസ്എഐഡി) ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ബോണി ഗ്ലിക്ക് പറഞ്ഞു.
ലബോറട്ടറി സംവിധാനങ്ങൾ തയ്യാറാക്കുക, രോഗ നിർണയം, നിരീക്ഷണം സജീവമാക്കുക, പ്രതികരണത്തിനും തയ്യാറെടുപ്പിനുമായി സാങ്കേതിക വിദഗ്ധരെ സഹായിക്കാനും മറ്റുമായി ഇന്ത്യൻ സർക്കാരിനെ പിന്തുണക്കുന്നതിന് 2.9 മില്യൺ ഡോളർ നൽകുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യക്ക് യുഎസ് 2.8 ബില്യൺ ഡോളർ സഹായം നൽകിയിട്ടുണ്ടെന്നും ഇതിൽ 1.4 ബില്യൺ ഡോളർ ആരോഗ്യ സഹായമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
പതിറ്റാണ്ടുകളായി, പൊതുജനാരോഗ്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഉഭയകക്ഷി സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ജീവൻ രക്ഷിക്കുകയും രോഗബാധിതരായ ആളുകളെ സംരക്ഷിക്കുകയും ആരോഗ്യ സ്ഥാപനങ്ങൾ നിർമ്മിക്കുകയും സമൂഹത്തിന്റേയും രാജ്യങ്ങളുടേയും സ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും യുഎസ് ചെയ്യുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു.
Discussion about this post