ന്യൂയോർക്ക്: ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ ബലി കൊടുക്കേണ്ടി വന്നതിന്റെ കണ്ണീരിൽ ഇറ്റലി. 24 മണിക്കൂറിനിടെ ഇറ്റലിയിൽ മാത്രം 969 ആളുകളാണ് മരിച്ചത്. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ഇറ്റലിയിൽ ആകെ മരിച്ചവരുടെ എണ്ണം 9,134ആയി. കൊറോണ മഹാമാരിമൂലം ലോകത്താകെ മരിച്ചവരുടെ എണ്ണം 27,324 ആയി.
ലോകത്താകമാനം ഇന്നലെ മാത്രം മൂവായിരത്തിലേറെ പേരാണ് മരിച്ചത്. ഇതിനിടെ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന് 101,000 ആയി. അവിടെ മരണസംഖ്യ 1700 ആണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 17,133 പേർക്കാണ് രോഗം ബാധിച്ചത്.
സ്‌പെയിനിലും മരണനിരക്ക് വർധിക്കുകയാണ്. 769 പേരാണ് സ്‌പെയിനിൽ ഇന്നലെ മരിച്ചത്. ഇതോടെ സ്‌പെയിനിലെ മരണസംഖ്യ 4858 ആയി ഉയർന്നു. ലോകത്ത് രോഗബാധിതരുടെ എണ്ണം 595,800 ലേക്കെത്തി. ഇതിൽ 1,31,000 പേർ രോഗമുക്തിനേടിയതായും കണക്കാക്കുന്നു. ലോകത്തെ മൊത്തം രോഗബാധിതരിൽ മൂന്ന് ലക്ഷവും യൂറോപ്പിലാണ്. സൗദിയിൽ വെള്ളിയാഴ്ച 92 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇവിടെ ആകെ രോഗബാധിതർ 1,100ന് മുകളിലെത്തി. മൂന്ന് മരണങ്ങളാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്.
യുഎഇയിൽ ഇന്നലെ 72 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം രോഗബാധികർ 405 ആണ്.