സിംഗപ്പുർ: വളരെ പെട്ടെന്ന് വ്യാപിച്ച് കൊറോണ രാജ്യത്തിന് വലിയ ഭീഷണി ഉയർത്തിയപ്പോഴാണ് സിംഗപ്പുർ ഭരണകൂടവും കണ്ണുതുറന്നത്. ആദ്യദിനങ്ങളിൽ പാളിപ്പോയ പ്രതിരോധം കരുതലോടെയുള്ള നടപടികളിലൂടെ മികച്ചതാക്കി ലോകത്തിന് മാതൃകയായിരിക്കുകയാണ് സിംഗപ്പുർ ഇപ്പോൾ. സോഷ്യൽ ഡിസ്റ്റൻസിങാണ് കൊറോണയെ തുരത്താൻ മാർഗ്ഗമെന്ന് മനസിലായതോടെ നടപടികൾ കടുപ്പിച്ചും പുതിയ നിയമം കൊണ്ടുവന്നും സിംഗപ്പുർ കൊറോണ വൈറസിനെ പ്രതിരോധിച്ചിരിക്കുകയാണ്.
സിംഗപ്പുരിലെ അധികൃതർ സ്വീകരിക്കുന്ന സൂക്ഷ്മമായ നടപടികളുടെ വാർത്തകളെ പിന്തുടരുകയാണ് ഇപ്പോൾ ലോകം. ഷോപ്പിങ് മാളുകളും റസ്റ്റോറന്റുകളും അടക്കമുള്ള പൊതു ഇടങ്ങളിൽ ഇടപെടുമ്പോൾ ശക്തമായ സുരക്ഷാ മുൻകരുതലുകളാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഒരു മീറ്റർ പരിധി മറികടന്ന് മറ്റൊരാളുടെ സമീപത്തേയ്ക്ക് ചെന്നാൽ അയാളെ ഉടൻ ജയിലിലടയ്ക്കുമെന്നാണ് അധികൃതർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഉത്തരവ്.
രാജ്യത്ത് പകർച്ചവ്യാധി നിയമം നടപ്പാക്കിക്കൊണ്ട് വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബാറുകൾ അടയ്ക്കുകയും 10ലധികം പേർ കൂടിച്ചേരുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം മറ്റൊരാളുടെ സമീപം ഒരു മീറ്ററിൽ കുറഞ്ഞ പരിധിയിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്താൽ ശിക്ഷയ്ക്ക് വിധേയനാവും. ഉറപ്പിച്ച കസേരകളാണെങ്കിലും ഇടയ്ക്കുള്ള കസേരകൾ ഒഴിച്ചിട്ട് അകലംപാലിച്ച് വേണം ഇരിക്കാൻ. വരിനിൽക്കുമ്പോഴും ഈ അകലം പാലിച്ചിരിക്കണം. അങ്ങനെയല്ലാത്തവരെ കുറ്റവാളികളായി കരുതി ശിക്ഷാനടപടികൾക്ക് വിധേയമാക്കും.
പതിനായിരം സിംഗപ്പുർ ഡോളർ വരെ പിഴയോ ആറു മാസം തടവോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. ഏപ്രിൽ 30 വരെയാണ് രാജ്യത്ത് ഈ നിയമം നിലനിൽക്കുക.
Discussion about this post