വാഷിംഗ്ടണ്‍: ലോകം കണ്ട മഹാമാരിയില്‍ ഇതുവരെ പൊലിഞ്ഞത് 24000 ജീവനുകളെന്ന് റിപ്പോര്‍ട്ട്. ലോകത്ത് മൊത്തം അഞ്ച് ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 5,31,337 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 24,058 ഉം ആയി. അതേസമയം, ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഒന്നാമത് അമേരിക്കയാണ് നില്‍ക്കുന്നത്. ഇതുവരെ 86,197 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് തകര്‍ത്തെറിഞ്ഞ ചൈനയേയും ഇറ്റലിയേയും മറികടന്നാണ് അമേരിക്ക ഒന്നാം സ്ഥാന പിടിച്ചിരിക്കുന്നത്.
24 മണിക്കൂറിനിടെ അമേരിക്കയില്‍ 16,841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1195 പേര്‍ മരണപ്പെടുകയും ചെയ്തു. കൊറോണ വൈറസിന്റെ അടുത്ത ആഘാത കേന്ദ്രം യുഎസായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ ശരിവെയ്ക്കും തലത്തിലാണ് നിലവിലെ സാഹതര്യങ്ങളുടെ സഞ്ചാരവും.
അതേസമയം മരണസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് ഇറ്റലിയാണ്. 8,215 പേര്‍ ഇറ്റലിയില്‍ ഇതുവരെ മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 712 പേരാണ് മരണപ്പെട്ടത്. യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് സ്പെയിനിലാണ്. 56,197 പേരാണ് സ്പെയിനില്‍ രോഗം ബാധിച്ചത്. മരണ നിരക്കില്‍ ലോകത്ത് രണ്ടാം സ്ഥാനത്തും സ്പെയിനാണ്. 4150 പേരാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം സ്പെയിനില്‍ 700 പേരാണ് മരിച്ചത്.