കൊറോണ കാലത്ത് സഹായം നൽകിയ ഇന്ത്യയ്ക്ക് നന്ദി; കൊറോണയെ തോൽപ്പിക്കാൻ എല്ലാ സഹായവും നൽകാം: ചൈന

ന്യൂഡൽഹി: കൊവിഡ് 19 രോഗത്തിന് എതിരെ പോരാട്ടം നടത്താൻ ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് ചൈന. രാജ്യം കൊറോമയ്‌ക്കെതിരെ പോരാടുമ്പോൾ ഇന്ത്യ നൽകിയ പിന്തുണക്കയ്ക്ക് ചൈന നന്ദിയും അറിയിച്ചു. ഡൽഹിയിലെ ചൈനീസ് എംബസി ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കുകയായിരുന്നു.

പകർച്ചവ്യാധി തടയൽ, നിയന്ത്രണം, രോഗനിർണയം, ചികിത്സ എന്നിവയിലെ അനുഭവം ഇന്ത്യയിലടക്കം രോഗം പൊട്ടിപ്പുറപ്പെട്ടത് മുതൽ ചൈന സമയോചിതമായി പങ്കുവെച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.

‘ചൈനീസ് സംരംഭങ്ങൾ ഇന്ത്യക്ക് സഹായം നൽകാൻ തുടങ്ങി, ഇന്ത്യയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഞങ്ങളുടെ കഴിവിന്റെ പരാമാവധി പിന്തുണയും സഹായവും നൽകാൻ തയ്യാറാണ്.’ ചൈനീസ് എംബസി അറിയിച്ചു. ചൈനയും ഇന്ത്യയും ആശയവിനിമയവും സഹകരണവും കാത്തുസൂക്ഷിക്കുകയും പ്രയാസകരമായ സന്ദർഭങ്ങളിൽ പകർച്ചവ്യാധിയെ നേരിടാൻ പരസ്പരം പിന്തുണ നൽകുകയും ചെയ്തു.

‘പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ നേരത്തെ തന്നെ ഇന്ത്യൻ ജനത വിജയം നേടുമെന്ന് തങ്ങൾ വിശ്വസിക്കുന്നുണ്ട്. ഇന്ത്യക്കും മറ്റു രാജ്യങ്ങൾക്കുമൊപ്പം പകർച്ചവ്യാധിക്കെതിരായ പോരാട്ടം ചൈന തുടരും.’ ചൈനീസ് വക്താവ് പറഞ്ഞു.

ഇന്ത്യയുടെ ഭാഗത്തുനിന്ന് ചൈനയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ ലഭിച്ചിട്ടുണ്ട്. പകർച്ചവ്യാധിക്കെതിരായ ചൈനയുടെ പോരാട്ടത്തെ ഇന്ത്യൻ ജനത പലവിധത്തിൽ പിന്തുണച്ചിട്ടുണ്ട്. അതിന് തങ്ങൾ അഭിനന്ദനവും നന്ദിയും അറിയിക്കുന്നുവെന്നും എംബസി വക്താവ് പറഞ്ഞു.

നേരത്തെ, ചൈന തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനായി യൂറോപ്പിലേയും ദക്ഷിണേഷ്യയിലേയും രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു വീഡിയോ കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. ഇതിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു.

Exit mobile version