ടോക്കിയോ: ലോകമെമ്പാടും കൊവിഡ് 19 ഭീതിയിൽ കഴിയുന്നതിനിടെ ടോക്കിയോ ഒളിംപിക്സ് നീട്ടിവച്ചു. ഈ വർഷം ജൂലൈ 24ന് ആരംഭിക്കേണ്ട ഒളിംപിക്സ് അടുത്ത വർഷത്തേക്കാണ് മാറ്റിവച്ചത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനും രാജ്യാന്തര ഒളിംപിക് സമിതിയും ഇക്കാര്യത്തിൽ ധാരണയിലെത്തുകയായിരുന്നു.
അതേസമയം, കൊറോണ ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ തന്നെ ഒളിംപിക്സ് മാറ്റിവെയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിന് മുൻകൈയ്യെടുക്കാൻ രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി തയ്യാറായിരുന്നില്ല. കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ജപ്പാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബ്രിട്ടണും കാനഡയും ഓസ്ട്രേലിയയും വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ കായികതാരങ്ങളുടെ അഭിപ്രായങ്ങളും ജപ്പാനെയും ഒളിംപിക് സമിതിയേയും സമ്മർദ്ദത്തിലാക്കിയിരുന്നു. ഒളിംപിക്സ് മാറ്റിവെക്കണമെന്ന് അമേരിക്കൻ അത്ലറ്റിക്സ് ഇതിഹാസം കാൾ ലൂയിസും അഭിപ്രായപ്പെട്ടിരുന്നു. 2022ലെ ശൈത്യകാല ഒളിംപിക്സിന് ശേഷം ഗെയിംസ് നടത്താവുന്നതാണെന്നാണ് ലൂയിസ് പറഞ്ഞത്.
Discussion about this post