മുംബൈ; രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു മുംബൈ ഭീകരാക്രമണം. 2008 നവംബര്‍ 26നു കടല്‍ കടന്നെത്തിയ 10 പാക്ക് ഭീകരര്‍ മുംെൈബ നഗരത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി നടത്തിയ ആക്രമണത്തില്‍ 166 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പരുക്കേറ്റത് അറുനൂറിലേറെപ്പേര്‍ക്കും. എകെ 47 തോക്കുകളും ഗ്രനേഡുകളും വലിയ തോതില്‍ ആര്‍ഡിഎക്‌സ് ശേഖരവുമായി പാകിസ്താന്‍ ഭീകരര്‍ തെരുവുകളില്‍ തീ തുപ്പുകയായിരുന്നു.
മൂന്നു ദിവസത്തോളം നഗരം അവര്‍ കൈപ്പിടിയിലാക്കി. യുഎസ്സിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ അനുസ്മരിപ്പിച്ച ആക്രമണം. 58 മണിക്കൂര്‍ ഏറ്റുമുട്ടലിനൊടുവില്‍ 9 ഭീകരരെ വധിച്ചു. കൊടുംഭീകരന്‍ അജ്മല്‍ കസബിനെ ജീവനോടെ പിടികൂടി, 2012 നവംബറില്‍ പുണെ യേര്‍വാഡ ജയിലില്‍ കസബിനെ തൂക്കിലേറ്റി.
അന്നത്തെ ആക്രമണത്തിന്റെ മറ്റൊരു ദയനീയ സംഭവം ഉണ്ടായിരുന്നു. മോഷെയെന്ന രണ്ടു വയസ്സുകാരന്‍. അന്ന് ആക്രമണമുഖത്തു നിന്നും സാന്ദ്ര സാമുവല്‍ എന്ന നാനി രക്ഷപ്പെടുത്തിയ മോഷെ ഹോള്‍ട്‌സ്ബര്‍ഗ് എന്ന കുരുന്നിനെ ആരും മറന്നിട്ടുണ്ടാകില്ല. മുംബൈയിലെ അഞ്ചു നിലയുള്ള ആ ജ്യൂവിഷ് സെന്റര്‍, പാകിസ്താന്‍ ഭീകരര്‍ വളഞ്ഞ് ആക്രമിച്ചപ്പോള്‍ അവിടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അതില്‍ കുഞ്ഞു മോഷെയുടെ അച്ഛന്‍ റബ്ബി ഗവ്‌റിയേലും അമ്മ റിവ്കയും ഉണ്ടായിരുന്നു. കൊല്ലപ്പെടുമ്പോള്‍ റിവ്ക ഗര്‍ഭിണിയുമായിരുന്നു.
അന്ന് രണ്ടു വയസ്സുമാത്രം പ്രായമുണ്ടായിരുന്നു മോഷെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അച്ഛനമ്മമാരുടെ ശവശരീരത്തിനരികെ നിന്നു വാവിട്ടുകരഞ്ഞ ആ രണ്ട് വയസ്സുകാരനെ ഇന്ത്യക്കാരിയായ നാനി രക്ഷപ്പടുത്തുകയായിരുന്നു. ആക്രമണ സമയത്ത് കെട്ടിടത്തിലെ താഴത്തെ നിലയില്‍ ഒളിച്ചിരിക്കുയായിരുന്നു സാന്ദ്ര. ഇന്ന് ഇസ്രായേലില്‍ മുത്തച്ഛന്റെ കൂടെ താമസിക്കുന്ന മോഷെ ഏഴാം ഗ്രേഡിലാണ് പഠിക്കുന്നത്.
എന്നാല്‍ ഇന്നും മോഷെയ്ക്ക് ഇരുട്ടിനെ വല്ലാത്ത പേടിയാണ്. അന്നത്തെ ആക്രമണത്തിന്റെ പേടി ഇന്നും ആ കുഞ്ഞില്‍ നിന്നും വിട്ടുമാറിയിട്ടില്ല. ഇപ്പോഴും രാത്രിയില്‍ എല്ലാ ലൈറ്റുകളും തെളിഞ്ഞു തന്നെയിരിക്കണം മോഷെയ്ക്ക്. ഡിം ലൈറ്റില്‍പ്പോലും മോഷെയ്ക്ക് ഉറങ്ങാനാകില്ലെന്നാണ് സാന്ദ്ര പറയുന്നത്.
അന്നത്തെ ആക്രമണത്തില്‍ സാന്ദ്രയ്ക്കും പരുക്കേറ്റിരുന്നു. ഇസ്രായേല്‍ സര്‍ക്കാര്‍ ഇവര്‍ക്ക് 2010 ല്‍ ഇസ്രായേല്‍ പൗരത്വം നള്‍കിയിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി അവിടെ ശാരീരികവൈകല്യമുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുകയാണവര്‍. എല്ലാ ശനിയാഴ്ചയും സാന്ദ്ര മോഷെയെ കാണാന്‍ പോകും. ഈ വര്‍ഷം ആദ്യം ഇസ്രായേല്‍ പ്രധാന മന്ത്രിക്കും മോഷെയുടെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം മോഷെയും സാന്ദ്രയും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.