ബെയ്ജിങ്: ഒറ്റ ദിവസം കൊണ്ട് 75 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ചൈന വീണ്ടും ആശങ്കയില്‍. കൊറോണ വ്യാപനം പിടിച്ചുകെട്ടാന്‍ കഴിഞ്ഞുവെന്ന ആശ്വാസത്തിലിരിക്കെ വീണ്ടും നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു.
കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടമാകുകയാണോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍. രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും വിദേശത്തുനിന്ന് വന്നവരാണ്. സമീപ ദിവസങ്ങളിലെല്ലാം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെല്ലാം വിദേശത്തുനിന്ന് എത്തിയവരിലാണ്.
തിങ്കളാഴ്ചത്തെ അപേക്ഷിച്ച രോഗം സ്ഥിരീകരിച്ചവര്‍ ചൊവ്വാഴ്ചയായപ്പോള്‍ ഇരട്ടിയായിരിക്കുകയാണ്. ഒരാഴ്ചയായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വുഹാനിലും ഒരാള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. വുഹാനില്‍ ഏഴ് പേര് കൂടി മരിച്ചതായാണ് ഒടുവിലായി പുറത്തുവന്ന റിപ്പോര്‍ട്ട്.
രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ വുഹാനില്‍ അടക്കം ജനങ്ങള്‍ക്ക് വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നതിന് ചില ഇളവുകള്‍ നല്‍കിയിരുന്നു. അതിനിടയിലാണ് ആശങ്ക ഉയര്‍ത്തി രോഗബാധിതരുടെ എണ്ണം കൂടുന്നത്. നിലവില്‍ 81,000 കേസുകളാണ് ചൈനയിലുള്ളത്.
രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ബെയ്ജിങ്ങിലേക്കുള്ള എല്ലാ വിമാനങ്ങളും മറ്റ് ചില നഗരങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. അവിടെ എത്തുന്നവരെ എല്ലാം പരിശോധിച്ച ശേഷമാണ് മാറ്റുന്നത്. രണ്ടാം ഘട്ട വ്യാപന സാധ്യത എന്ന മുന്നറിയിപ്പോടെയാണ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Discussion about this post