കൊവിഡിന് മുന്നില്‍ വിറങ്ങലിച്ച് അമേരിക്ക; മരണസംഖ്യ 600 കവിഞ്ഞു, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 42000 പേര്‍ക്ക്

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസ് ബാധയ്ക്ക് മുമ്പില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമേരിക്കയും. രാജ്യത്ത് ഇതുവരെ 600 ലധികം ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. 42000 ത്തോളം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു ദിവസം മാത്രം പതിനായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വൈറസ് ബാധമൂലം ഇതുവരെ ലോകത്ത് മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ മാത്രം മരണസംഖ്യ 6000 കവിഞ്ഞു. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ അനുദിനം ഉയര്‍ന്നുക്കൊണ്ടിരിക്കുകയാണ്. വൈറസ് ബാധയെ തുടര്‍ന്ന് ന്യൂസിലാന്‍ഡും സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഇന്ത്യയില്‍ 8 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം കൊവിഡ് 19 ദ്രുതഗതിയില്‍ രോഗം വ്യാപിപ്പിക്കുകയാണെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാവാന്‍ 67 ദിവസമാണ് എടുത്തത്. എന്നാല്‍ രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തത് എന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയത്.

Exit mobile version