കൊറോണ വൈറസ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ നീന്തല്‍ താരവും ഒളിമ്പിക് സ്വര്‍ണ്ണ ജേതാവുമായ കാമറൂണ്‍ വാന്‍ഡെര്‍ബര്‍ഗ് തന്റെ രോഗാനുഭവം പങ്കുവെച്ചു. തന്നെ ബാധിച്ച ഏറ്റവും വിനാശകാരിയായ വൈറസാണ് കൊറോണ വൈറസ് എന്ന് അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയാണ് കാമറൂണ്‍ വാന്‍ഡെര്‍ബര്‍ഗ് തന്റെ ദുരവസ്ഥ പങ്കുവെച്ചത്. കൊറോണ വൈറസ് തന്നെ ബാധിച്ചിട്ട് 14 ദിവസമായെന്നും ഇതുവരെ നടക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ സാധിക്കുന്നില്ലെന്നും എന്തെങ്കിലും ചെയ്താല്‍ മണിക്കൂറുകളോളം തളര്‍ന്നുപോകുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നിലവില്‍ തനിക്ക് പനി കുറഞ്ഞെങ്കിലും ക്ഷീണത്തോടും ചുമയോടും പൊരുതുകയാണ്. മത്സരങ്ങള്‍ക്കായി പരിശീലനം നടത്തുന്ന ഏതൊരു കായികതാരത്തിനും കൊറോണ വൈറസ് ബാധ അത്ര നല്ല അനുഭവമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ ബാധിച്ചാല്‍ ഒളിമ്പിക്സിനായി ഇപ്പോള്‍ പരിശീലനം നടത്തുന്നവര്‍ സ്വന്തം ആരോഗ്യം പണയംവെക്കുന്നതിന് തുല്യമായ അവസ്ഥയിലായിരിക്കും. ആരോഗ്യമാണ് ഏറ്റവും വലുത്. ഒരിക്കലും കൊറോണയെ ഒരു തമാശയായി കാണരുതെന്നും അതിനെ പേടിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post