പാരിസ്: ലോകമൊന്നടങ്കം കൊറോണ ഭീതിയിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ശക്തമാക്കിയിട്ടും കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാത്ത അവസ്ഥയാണ്. വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നൊന്നും ഇതുവരെ കണ്ടെത്താത്തതാണ് രോഗത്തെ നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പ്രധാനകാരണം.
അതിനിടെ ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് മെഡിക്കല്‍ റിസര്‍ച്ച് നാല് തരത്തിലുള്ള പരീക്ഷണാര്‍ഥത്തിലുള്ള ചികിത്സകള്‍ 3200പേരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്ത പുറത്ത് വന്നത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമേകുന്നു. കൊറോണ വൈറസിനെതിരേയുള്ള മരുന്ന് പരീക്ഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ലോകം.
റെംഡെസിവിര്‍ , റിട്ടോനാവിര്‍/ ലോപിനാവിര്‍ , റിട്ടോനാവിര്‍/ ലോപിനാവിര്‍+ ഇന്റര്‍ഫെറോണ്‍ ബീറ്റ, ഹൈട്രോക്സി ക്ലോറോക്വിന് എന്നീ നാലുതരം മരുന്നുകളുപയോഗിച്ചുള്ള ചികിത്സാ രീതിയാണ് പരീക്ഷിക്കുന്നത്. ഡിസ്കവറി എന്നാണ് ഈ ഉദ്യമത്തിന് ഇവര്‍ പേരിട്ടിരിക്കുന്നത്.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബെല്‍ജിയം, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി, ലക്സംബര്‍ഗ്, സ്പെയിന് നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള 3200 പേരാണ് പരീക്ഷണത്തിന് വിധേയരാവുന്നത്. ഇതില്‍ 800 പേര് ഫ്രാന്‍സില്‍ നിന്ന് മാത്രമുള്ളവരാണ്.
മരുന്ന് പരീക്ഷണം ലോകം ഒന്നടങ്കം ആകാംഷയോടെയും പ്രതീക്ഷയോടെയുമാണ് നോക്കിക്കാണുന്നത്. പരീക്ഷണം വിജയമായി മാറുകയാണെങ്കില്‍ ലോകം കീഴടക്കി പടര്‍ന്നുകൊണ്ടിരിക്കുന്ന വൈറസിനെ പിടിച്ചുകെട്ടാനും ജനങ്ങള്‍ക്ക് തങ്ങളുടെ പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാനും സഹായമാകും.
Discussion about this post