ലണ്ടന്‍: കൊട്ടാര ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്നു മാറ്റി. വ്യാഴാഴ്ചയാണ് 93കാരിയായ രാജ്ഞിയെ മുന്‍കരുതലെന്നോണം വിന്‍ഡ്സോര്‍ കാസിലിലേക്ക് മാറ്റിയതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്ഞിയെ എത്രകാലം വിന്‍ഡ്സോര്‍ കാസിലില്‍ താമസിപ്പിക്കും എന്ന കാര്യത്തില്‍ വ്യക്തയില്ല. രാജ്ഞിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ടെന്നും നിലവില്‍ അവര്‍ ആരോഗ്യവതിയുമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബക്കിങ്ഹാം കൊട്ടാരത്തില്‍ അഞ്ഞൂറോളം ജീവനക്കാരാണ് ഉള്ളത്. അതേസമയം ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ച വാര്‍ത്തയോട് പ്രതികരിക്കാന്‍ ബക്കിങ്ഹാം കൊട്ടാരം ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ കൊവിഡ് 19 വൈറസിന്റെ പ്രതിരോധത്തിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.