റോം: ഇറ്റലിയിൽ മരിച്ചുവീഴുന്ന ജനങ്ങളെ കഴിയും വിധം രക്ഷിച്ചെടുക്കാൻ ക്യൂബയിൽ നിന്നും ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന ആദ്യ ആരോഗ്യസംഘമെത്തി. നോവൽ കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന ലോംബാർഡിയിലാണ് ക്യൂബൻസംഘം സേവനം നടത്തുക. രാജ്യത്തെ അതിസമ്പന്ന രാജ്യങ്ങളിലൊന്നായ ഇറ്റലിയിലേക്ക് വെള്ളക്കോട്ടിട്ട സൈനികരെ രക്ഷാപ്രവർത്തനത്തിന് അയച്ചിരിക്കുന്നത് ലോകത്തെ തന്നെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ കമ്മ്യൂണിസ്റ്റ് ക്യൂബയാണെന്നത് വിസ്മയമാവുകയാണ്. എല്ലാക്കാലത്തും എതിർപക്ഷത്ത് മാത്രം നിന്നിട്ടുള്ളൂവെങ്കിലും കൊറോണ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഇറ്റലിക്ക് താങ്ങായി പറന്നെത്താൻ ആ കുഞ്ഞൻ രാജ്യമായ ക്യൂബയിലെ ഡോക്ടർമാർ മാത്രമാണ് ഉണ്ടായത്. കൊറോണ കാരണം ഒരു ദിനം 700ഓളം പേർ മരിച്ചുവീഴുന്ന ഇറ്റലിയിലേക്ക് ഫിഡൽ കാസ്ട്രോയുടെ ചിത്രവും കൈയ്യിൽ പിടിച്ച് ക്യൂബയിൽ നിന്നും സേവന സന്നദ്ധരായി ഡോക്ടർമാരുടെ സംഘം ഓടിയെത്തിയിരിക്കുകയാണ്. വലിയ കൈയ്യടികളോടെയാണ് ഇറ്റലിയിലെ ജനങ്ങൾ ക്യൂബൻ മെഡിക്കൽ സംഘത്തെ വരവേറ്റത്.
സാമ്പത്തികമായും പ്രത്യയശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും ഒക്കെ രണ്ടു ധ്രുവങ്ങളിലുള്ള ഇരുരാജ്യങ്ങൾ ഒടുവിൽ മനുഷ്യത്വത്തിന്റെ പേരിൽ ഒരുമയോടെ പ്രവർത്തിക്കുകയാണ്. ഏറ്റവും ശക്തരെന്ന് കരുതിപോന്നിരുന്ന രാജ്യത്തിന് ഏറ്റവും ദുർബലരായ ഒരു രാജ്യത്തിന്റെ കൈത്താങ്ങ് ആവശ്യമായിരിക്കുകയാണ്. 52 സേവനസന്നദ്ധരായ ഡോക്ടർമാരാണ് ഇറ്റലിയിലേക്ക് എത്തിയ ക്യൂബൻ സംഘത്തിലുള്ളത്. കൊറോണ വൈറസിനെതിരെ പൊരുതാൻ ക്യൂബ ഇറ്റലിയിലേക്ക് അയക്കുന്ന ആദ്യത്തേയും ലോകരാജ്യങ്ങളിലേക്ക് അയക്കുന്ന ആറാമത്തേയും മെഡിക്കൽ സംഘമാണ് ഇത്. മുമ്പ് വെനസ്വെല, നിക്കാരഗ്വെ, ജമൈക്ക, സുരിനാം, ഗ്രെനാഡ എന്നിവിടങ്ങളിലേക്കും ക്യൂബ മെഡിക്കൽ സംഘത്തെ അയച്ചിരുന്നു.
” ഞങ്ങൾക്കെല്ലാം ഭീതിയുണ്ട്, എന്നാൽ, വിപ്ലവകരമായ ഒരു കർത്തവ്യമാണ് ചെയ്തുതീർക്കാനുള്ളത്. അതുകൊണ്ട് ഭയത്തെ എടുത്ത് ഒരു വശത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഭയമില്ലെന്ന് പറയുന്നവർ സൂപ്പർ ഹീറോകളാണ്, പക്ഷെ, ഞങ്ങൾക്ക് ഭയമുണ്ട്. ഞങ്ങൾ സൂപ്പർ ഹീറോകളല്ല. വിപ്ലവകാരികളായ ഡോക്ടർമാരാണ്.”- മഹാമാരിയെ നേരിടാനെത്തിയ 68കാരനായ ക്യൂബൻ ഡോക്ടർ ലിയാനാർഡോ ഫെർണാടണ്ടസിന്റെ പ്രചോദിപ്പിക്കുന്ന വാക്കുകളാണ് ഇത്. അദ്ദേഹം സംഘത്തിലെ ഇന്റൻസീവ് കെയർ സ്പെഷ്യലിസ്റ്റാണ്. അന്താരാഷ്ട്ര തലത്തിൽ ഡോ. ഫെർണാണ്ടസ് പങ്കെടുക്കുന്ന എട്ടാമത്തെ മിഷനാണിത്. ലൈബീരിയയിലെ എബോളയ്ക്കെതിരായ പോരാട്ടവും ഇതിൽ ഉൾപ്പെടുത്തുന്നു.
ക്യൂബയെന്ന ചെറിയ രാജ്യം എന്നും സേവനത്തിന്റെ കാര്യത്തിൽ ലോകത്തെ അതിശക്തരായ രാജ്യങ്ങളെ വെല്ലുവിളിച്ചിട്ടുണ്ടെന്നതിന് ചരിത്ര രേഖകൾ തന്നെ സാക്ഷിയാണ്. പ്രകൃതി നശിപ്പിച്ച ഹെയ്തിയിൽ കോളറ പടർന്നു പിടിച്ചപ്പോഴും പടിഞ്ഞാറൻ ആഫ്രിക്കയിൽ 2010ൽ എബോള മഹാമാരി വിതച്ചപ്പോഴും ക്യൂബയിൽ നിന്നുള്ള മെഡിക്കൽ സംഘമാണ് സേവനത്തിന് മുൻനിരയിലുണ്ടായിരുന്നത്.
ദരിദ്ര രാജ്യമെന്നും ശത്രു രാജ്യമെന്നും യൂറോപ്പ് എല്ലാക്കാലവും വിശേഷിപ്പിച്ച ക്യൂബ തങ്ങളുടെ സേവനം കൊണ്ടാണ് തക്കമറുപടി നൽകിയിരിക്കുന്നത്. യൂറോപ്പും ഇറ്റലി ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയനും വെറുക്കുന്ന കമ്മ്യൂണിസ്റ്റ് ആശയം എത്രമാത്രം മനുഷ്യത്വം നിറഞ്ഞതാണെന്ന് ലോകം തന്നെ മനസിലാക്കിയ നിമിഷങ്ങളാണ് ഈ കടന്നു പോകുന്നത്.
Discussion about this post