ബെയ്ജിങ്: കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനായി ചൈന നടത്തിയ പോരാട്ടത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. വൈറസിന്റെ വ്യാപനം തടയുന്നതില്‍ ചൈന വിജയം കൈവരിച്ചിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ ഒരു പുതിയ കേസ് മാത്രമാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ചൈനയുടെ ഈ വിജയം ലോകത്തിന് മൊത്തം പ്രതീക്ഷയേകുന്നുവെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞത്.
ചൈനയില്‍ ഡിസംബര്‍ അവസാനത്തോടെയാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയില്‍ വൈറസിന്റെ വ്യാപനം വര്‍ധിച്ചതോടെ ചൈന രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ മേഖല പൂര്‍ണ്ണമായും അടച്ചിരുന്നു. 1.1കോടി ജനങ്ങളാണ് ആ കാലങ്ങളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞത്. ഇതിനു പിന്നാലെ ഹ്യുബി പ്രവിശ്യയിലും ക്വാറന്റൈന് പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് അഞ്ച് കോടി ജനങ്ങളാണ് ഇവിടെ ഒറ്റപ്പെട്ട് കഴിഞ്ഞത്. ഇതിനു പുറമെ ക്വാറന്റൈന് ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
ഹ്യൂബി പ്രവിശ്യയിലേക്ക് 42,000 ഡോക്ടര്‍മാരെയാണ് ചൈന നിയോഗിച്ചത്. വുഹാനില്‍ രണ്ടാഴ്ചത്തെ ഇന്‍ക്യുബേഷന്‍ പിരീഡിനു ശേഷം കേസുകളില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പ്രവേശനം പോലും ചൈന നല്‍കിയിരുന്നില്ല.
ചെറിയ പനി പോലും രേഖപ്പെടുത്തിയവരെ സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തി ഐസൊലേഷനില്‍ താമസിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ചൈനയില്‍ ഏകാധിപത്യ സര്‍ക്കാരായതു കൊണ്ടാണ് ഇത്ര ശക്തമായ നടപടികളെടുത്ത് മുന്നോട്ടുപോവാന്‍ സാധിച്ചതെന്ന നിരീക്ഷണവുമുണ്ട്. അതുകൊണ്ട് തന്നെ ചൈനയുടെ ഈ പാത യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്തുടരാനാവുമോ എന്ന സംശയവും ലോകാരോഗ്യസംഘടന പ്രകടിപ്പിച്ചു.
Discussion about this post