മാഡ്രിഡ്: റയല്‍ മാഡ്രിഡ് മുന്‍ അധ്യക്ഷന്‍ ലൊറെന്‍സോ സാന്‍സ് (76)കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയതോടെ കഴിഞ്ഞ ഒന്‍പത് ദിവസമായി മാഡ്രിഡിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശനിയാഴ്ച രാത്രിയോടെ പനിയും ശ്വാസതടസ്സവും മൂര്‍ച്ഛിക്കുകയും വൃക്ക തകരാറിലാവുകയും ചെയ്തു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മകന് ലോറെന്‍സോ ജൂനിയറാണ് ട്വിറ്ററിലൂടെ അച്ഛന്റെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.
ഞാന്‍ കണ്ടതില്‍ വച്ച ഏറ്റവും ധീരനും കഠിനാധ്വാനിയുമായ മനുഷ്യന്. അച്ഛന് ഇത്തരത്തില്‍ ഒരു മരണം അര്‍ഹിച്ചിരുന്നില്ല-റയലിന്റെ ബാസ്ക്കറ്റബോള്‍ താരം കൂടിയായ മകന് സാന്‍സ് ഡ്യൂറന് ട്വിറ്ററില്‍ കുറിച്ചു. 1995 മുതല്‍ 2000 വരെ റയലിന്റെ പ്രസിഡന്റായിരുന്നു ലോറെന്‍സോ. ഇക്കാലയളവില്‍ ക്ലബ് രണ്ടുവട്ടമാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയത്.
ലോകത്തെയാകമാനം പിടിച്ചുലച്ച കൊവിഡ് 19 ഇതുവരെയായി സ്പെയിനില്‍ മാത്രം ആയിരത്തിലേറെ ജീവനുകളാണ് എടുത്തത്. ഇപ്പോള്‍ ക്യാപ്റ്റന്‍ സര്‍ജിയോ റാമോസ് അടക്കമുള്ള നിരവധി റയല്‍ മാഡ്രിഡ് താരങ്ങള്‍ ക്വാറന്റൈനിലാണ്. ടീമിന്റെ ഒരു ബാസ്ക്കറ്റ്ബോള്‍ താരത്തിന് കൊറോണബാധ സ്ഥിരീകരിച്ചതോടെയാണ് ഇവര്‍ക്ക് ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വന്നത്.
Discussion about this post