ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് ലോക രാജ്യങ്ങള്‍. ഇതോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിയിരിക്കുന്നത് 100കോടി പേരാണ്. യൂറോപ്പിലെയും ഏഷ്യയിലെയും ഏതാനും രാജ്യങ്ങളും അമേരിക്കയിലെ ചില സംസ്ഥാനങ്ങളുമാണ് ജനങ്ങളോട് വീടുകളില്‍തന്നെ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുവരെ 11000ത്തിലധികം പേരുടെ ജീവനാണ് കൊറോണ കവര്‍ന്നെടുത്തത്. സാഹചര്യം കൂടുതല്‍ വഷളാവുന്നതിനിടെയാണ് വീടുവിട്ട് പുറത്തിറങ്ങരുതെന്ന് 35 രാജ്യങ്ങള്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്. ജനങ്ങളുടെ നീക്കങ്ങള്‍ നിയന്ത്രിച്ചും സ്‌കൂളുകള്‍ പൂട്ടിയും ലക്ഷക്കണക്കിനുപേരോട് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ ആവശ്യപ്പെട്ടുമാണ് ലോകം മഹാമാരിക്കെതിരേ പോരാടുന്നത്.
രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 4032 പേരാണ് ഇവിടെ മരിച്ചത്. ചൈനയിലെ മരണസംഖ്യ 3255 ആണ്. ഇവിടെ 81008 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 47021 ആയി.
യുഎസില്‍ 19871 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 277 ആയി.