വാഷിങ്ടണ്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യൂറോപ്പിലെ മദ്യനിര്‍മ്മാണ ശാലകളില്‍ ഇനി മദ്യം ലഭിക്കില്ല. പകരം ലഭിക്കുക സാനിറ്റൈസറാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കൈകള്‍ ശുചീകരിക്കുന്നതിനായ സാനിറ്റൈസറുകളാണ് ആവശ്യമേറുന്നത്. ഈ സാഹചര്യത്തിലാണ് മദ്യനിര്‍മ്മാണ ശാലകളില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നത്.
ബ്ര്യൂഡോഗ്, ലെയ്ത്ത് ജിന്‍, വെര്‍ഡന്റ് സ്പിരിറ്റ്സ്, പെര്‍നോഡ് റിക്കാര്‍ഡ് തുടങ്ങിയ പ്രശസ്ത മദ്യനിര്‍മ്മാണ കമ്പനികളാണ് ഹാന്‍ഡ് സാനിറ്റൈസറുകളുടെ നിര്‍മ്മാണത്തിലേയ്ക്ക് കടന്നത്. സ്കോട്ട്ലന്‍ഡിലെ തങ്ങളുടെ ബ്ര്യൂവറിയില്‍ സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചതായി ബ്ര്യൂഡോഗ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കഴിയുന്നത്ര ജനങ്ങളെ സുരക്ഷിതരാക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്നും കമ്പനി പറയുന്നു. മറ്റൊരു സ്കോട്ട്ലന്‍ഡ് കമ്പനിയായ ലെയ്ത്ത് ജിന്‍ മദ്യനിര്‍മാണം നിര്‍ത്തുകയും ശക്തിയേറിയ ഹാന്‍ഡ് സാനിറ്റൈസറുകളുടെ നിര്‍മാണത്തിലേക്ക് കടക്കുകയും ചെയ്തതായി ട്വിറ്ററില്‍ പ്രസ്താവിച്ചിരുന്നു. സാനിറ്റൈസറുകള്‍ നിറയ്ക്കുന്നതിനുള്ള കുപ്പികള്‍ സംഭാവനയായി നല്‍കാനും കമ്പനി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഫ്രാന്‍സിലെ പെര്‍നോഡ് റിക്കാര്‍ഡ് എന്ന കമ്പനി സാനിറ്റൈസര്‍ നിര്‍മ്മാണത്തിനായി 70,000 ലിറ്റര്‍ ആല്‍ക്കഹോള്‍ സംഭാവന നല്കി.
Discussion about this post