ടെഹ്റാൻ: ഒരു കൈയ്യിൽ അവശയായി വീണുപോകാതിരിക്കാനുള്ള ഡ്രിപ്പുമിട്ട് മറുകൈ കൊണ്ട് അനേകം രോഗികളെ ചികിത്സിച്ച ഇറാനിലെ ദൈവത്തിന്റെ സ്വന്തം മാലാഖയെന്ന് വിശേഷിപ്പിക്കപ്പെട്ട ഡോ. ഷിറീൻ റുഹാനി മരണത്തിന് കീഴടങ്ങി. കോവിഡ് 19 പടർന്നുപിടിച്ചതോടെ ഡോ. ഷിറീൻ തന്റെ രോഗാവസ്ഥയേയും മറന്ന് രോഗികൾക്കായി സ്വന്തം ജീവൻ പോലും ത്യജിച്ചാണ് ചികിത്സ നടത്തിയത്.
ഡോ. ഷിറീൻ റൂഹാനിയുടെ അവസാന കാലത്തെ ഒരു ഫോട്ടോഗ്രാഫിൽ അവർ ചെയ്ത ത്യാഗം മുഴുവൻ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിൽ ഒരു രോഗിയെ പരിശോധിക്കുകയാണ് ഡോ. ഷിറീൻ, അവരുടെ കയ്യിൽ ഘടിപ്പിച്ച കാനുല, അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐവി സലൈൻ ഡ്രിപ്പ്. അതൊക്കെ സൂചിപ്പിക്കുന്നത് അവർ തീരെ അവശയാണ് എന്നാണ്. എങ്കിലും തന്റെ അവശത വകവെക്കാതെ രോഗികളെ പരിശോധിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്.
കൊവിഡ് 19 ഏറ്റവും അധികം ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാൻ. വേണ്ടത്ര ഡോക്ടർമാരോ, മരുന്നുകളോ, ആശുപത്രിയിൽ കിടക്കകളോ ഒന്നുമില്ലാതെ ആകെ പ്രയാസപ്പെടുകയാണ് ഈ രാജ്യം. കൊറോണ ഭീതിയുടെ ഏറ്റവും വലിയ ഇരയായിരുന്നു ടെഹ്റാനിലെ പക്ദഷ്ത് എന്ന കൊച്ചു നഗരവും. അവിടത്തെ ഒരാശുപത്രിയിലെ റസിഡന്റ് മെഡിക്കൽ ഓഫീസർ ആയിരുന്നു ഡോ.ഷിറീൻ റൂഹാനി.
രണ്ടും മൂന്നും ഷിഫ്റ്റുകൾ അടുപ്പിച്ച് ചെയ്ത് എത്രയോ ദിനരാത്രങ്ങൾക്കൊടുവിൽ ആകെ ക്ഷീണിച്ച്, നിർജലീകരണം സംഭവിച്ച അവസ്ഥയിൽ ആയിരുന്നിട്ടും ഒരിക്കൽ പോലും താൻ ഡ്യൂട്ടിക്ക് വരില്ല എന്നുമാത്രം ഷിറീൻ പറഞ്ഞിരുന്നില്ല. വീട്ടിൽ കിടക്കുമ്പോൾ കൈയ്യിൽ പിടിപ്പിച്ച കാനുലയിലൂടെ അവരുടെ ദേഹത്തേക്ക് ഐവി സലൈൻ ഡ്രിപ്പ് കയറിക്കൊണ്ടിരുന്നു. കയ്യിൽ ഐവിയോടെ തന്നെ അവർ അടുത്ത പകലും ആശുപത്രിയിൽ എത്തി.
മരിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് സഹപ്രവർത്തകർ എടുത്ത ഒരു വീഡിയോയിൽ ക്ഷീണിതയായിരുന്നിട്ടും രോഗികളെ പരിശോധിക്കുന്ന ഡോ. ഷിറീനെ കാണാം. അതിൽ അവർ പറയുന്നുണ്ട്, ‘ ഇവിടെ എല്ലാവരും വല്ലാത്ത തിരക്കിലാണ്. ഇവിടുള്ളവരെ റിലീവ് ചെയ്യാൻ ഒടുവിൽ ഞാൻ തന്നെ വരേണ്ടി വന്നത് കണ്ടോ?’ എന്ന്.
അങ്ങനെ ക്ഷീണിച്ച അവസ്ഥയിലും എത്രയോ ദിവസം അവർ തന്റെ സേവനങ്ങൾ ഇറാനിലെ കൊവിഡ് 19 ബാധിതരെ പരിചരിച്ചു. പത്തു ദിവസം മുമ്പ് ഡോ. ഷിറീനും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. പെട്ടെന്ന് തന്നെ ആകെ ക്ഷീണിതയായ അവരെ താമസിയാതെ തന്നെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും, ജീവൻ രക്ഷിച്ചെടുക്കാൻ സഹപ്രവർത്തകർക്ക് സാധിച്ചില്ല. സ്വന്തം കഴിവിന്റെ പരമാവധി പ്രയത്നിച്ചശേഷം, നിരവധി പേരുടെ ജീവൻ രക്ഷിച്ച ശേഷമാണ് ഡോ. ഷിറീൻ മരണത്തിന് കീഴടങ്ങിയത്. അതേസമയം,
തങ്ങളുടെ സഹപ്രവർത്തകയുടെ ആത്മത്യാഗത്തിൽ തങ്ങളുടെ ഹൃദയം നുറുങ്ങുമ്പോഴും അഭിമാനം കൊള്ളുന്നതായി ഡോ. ഷിറീൻ റുഹാനിയുടെ സഹപ്രവർത്തകർ അറിയിച്ചു.
Discussion about this post