ലണ്ടൻ: കൊറോണ രോഗത്തെ അതിജീവിച്ചത് ചിക്കൻ സൂപ്പും നാരങ്ങാവെള്ളവും പാരസെറ്റാമോളും മാത്രം കഴിച്ചാണെന്ന് അവകാശപ്പെട്ട് ബ്രിട്ടീഷുകാരിയായ ഡോക്ടർ. തനിക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ താൻ പുതിയ ഭക്ഷണരീതി പിന്തുടരുകയും പാരസെറ്റമോൾ മരുന്നായി കഴിക്കുകയും ചെയ്‌തെന്നാണ് ഈ ഡോക്ടർ പറയുന്നത്. റോയൽ കോളജിലെ ജിപി വിഭാഗം മുൻ മേധാവി കൂടിയായ സീനിയർ ഡോക്ടർ ക്ലെയർ ജെറാർഡാണ് കോവിഡ് 19 രോഗം ബാധിച്ച താൻ പൂർണ്ണമായും അസുഖം ഭേദപ്പെട്ട് കോവിഡ് വിമുക്തയായെന്ന് അവകാശപ്പെട്ടിരിക്കുന്നത്.
ന്യൂയോർക്കിൽ ഒരു സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ക്ലെയറിന് രോഗം സ്ഥിരീകരിച്ചത്. തുടക്കത്തിൽ ചുമയും ക്ഷീണവുമാണ് അനുഭവപ്പെട്ടതെന്ന് ക്ലെയർ പറയുന്നു. ദീർഘദൂരം വിമാനത്തിൽ യാത്ര ചെയ്തത് കൊണ്ടുളള ക്ഷീണമാണെന്നാണ് താൻ ആദ്യം കരുതിയതെന്നും ഇവർ വെളിപ്പെടുത്തുന്നു.
തുടർന്ന് തൊണ്ടവേദനയും ശരീരോഷ്മാവിന്റെ പെട്ടെന്നുള്ള വർധനയും ഉണ്ടായതോടെ വീട്ടിൽ വിശ്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്റർനെറ്റിന്റെ സഹായത്തോടെ അസുഖത്തെ കുറിച്ച് കൂടുതൽ അറിയാന് ശ്രമിച്ചു. തുടർന്ന് ലോക്കൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊറോണയാണെന്ന് സ്ഥിരീകരിച്ചതെന്ന് ഈ ഡോക്ടർ പറയുന്നു.
പനി 102 ഡിഗ്രിയായതിനെത്തുടർന്ന് അഞ്ചു ദിവസം കട്ടിലിൽ തന്നെയായിരുന്നുവെന്നും ബാത്ത്‌റൂമിൽ പോകാൻ മാത്രമാണ് എഴുന്നേറ്റതെന്നും അഞ്ചുദിവസത്തിനു ശേഷം തന്റെ ക്ഷീണം പൂർണ്ണമായും മാറിയതായും ക്ലെയർ ജെറാഡ് പറയുന്നു.
മരുന്നായി പ്രതിദിനം മൂന്നുനേരം പാരസെറ്റാമോൾ കഴിക്കുകയും ഭക്ഷണമായി നാരങ്ങാ വെളളവും ചിക്കന് സൂപ്പും മാത്രമാണ് കഴിച്ചതെന്നും ഈ ഡോക്ടർ പറയുന്നു. രോഗം പൂർണ്ണമായും ഭേദപ്പെടാനും തന്നെ സഹായിച്ചത് ഇവയൊക്കെയാണെന്നാണ് ക്ലെയർ ജെറാർഡിന്റെ അവകാശവാദം.